തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദം തയ്യാറാക്കാൻ നന്ദിനി നെയ്യ് ഉപയോഗിക്കുന്നത് നിർത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി

ബെല്ലാരി: ലഡ്ഡു നിർമ്മിക്കാൻ കർണാടക മിൽക്ക് ഫെഡറേഷന്റെ 'നന്ദിനി' നെയ്യ് ഉപയോഗിക്കില്ലെന്ന കാര്യത്തിൽ വ്യക്തത വരുത്തി തിരുപ്പതി തിരുമല ദേവസ്ഥാനം ട്രസ്റ്റ് (ടിടിഡി). കർണാടക മിൽക്ക് ഫെഡറേഷന്റെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് കർണാടകയിൽ രാഷ്ട്രീയ വിവാദം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് വിശദീകരണം. 

തിരുമല വെങ്കിടേശ്വര ക്ഷേത്രം നിയന്ത്രിക്കുന്ന തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്, പ്രസിദ്ധമായ ലഡ്ഡു നിർമ്മിക്കുന്നതിനായി നെയ്യ് വാങ്ങുന്നതിനുള്ള കരാർ ഉറപ്പിക്കുന്നതിന് മുൻപ്, നെയ്യ് വിതരണക്കാർ ഗുണനിലവാര പരിശോധനയിലും ചെലവ് മാനദണ്ഡങ്ങളിലും വിജയിക്കണമെന്ന് ടിടിഡി എക്സിക്യൂട്ടീവ് ഓഫീസർ എ വി ധർമ്മ റെഡ്ഡി പറഞ്ഞു.

ALSO READ: തിരുപ്പതി ലഡുവിൽ ഇനി 'നന്ദിനി' നെയ്യില്ല; രുചി പെരുമ അവസാനിക്കുന്നു. കാരണം ഇതാണ്

ഏതൊരു ലേലക്കാരനും ആദ്യം സാങ്കേതിക പരിശോധന വിജയിക്കണം, വിദഗ്ധർ ഗുണനിലവാര പരിശോധന നടത്താൻ ഓരോ ലേലക്കാരന്റെയും പ്ലാന്റുകൾ സന്ദർശിച്ച് അവയുടെ ശേഷി, ശക്തി, പാൽ സംഭരണ ​​പ്രക്രിയ, ഉപകരണങ്ങൾ, മറ്റ് നിർണായക ഘടകങ്ങൾ എന്നിവ വിലയിരുത്തുന്നു എന്ന് എ വി ധർമ്മ റെഡ്ഡി പറഞ്ഞു. തിരുപ്പതി തിരുമല ദേവസ്ഥാനം ട്രസ്റ്റ് ഏതെങ്കിലും സാധനം വാങ്ങുന്നതിനുള്ള നടപടിക്രമം ടെൻഡർ അടിസ്ഥാനത്തിലാണ് നടത്തുന്നത്. ഇ-ടെൻഡറുകള്‍ ഉണ്ടാകും ആദ്യം സാങ്കേതിക ബിഡും പിന്നീട് സാമ്പത്തിക ബിഡും ഉണ്ടാകുമെന്നും ധർമ്മ റെഡ്ഡി പറഞ്ഞു.

ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന പ്രസിദ്ധമായ ലഡ്ഡു നിർമ്മിക്കാൻ 'നന്ദിനി' ബ്രാൻഡ് നെയ്യ് ഇനി വിതരണം ചെയ്യുന്നില്ലെന്ന് കർണാടക മിൽക്ക് ഫെഡറേഷന്റെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. കർണാടക മിൽക്ക് ഫെഡറേഷന് വിലയിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും അതിനാൽ ലഡ്ഡുവിന്റെ ടെൻഡർ നടപടികളിൽ പങ്കെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദം തയ്യാറാക്കാൻ നന്ദിനി നെയ്യ് ഉപയോഗിക്കുന്നത് നിർത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി രംഗത്തെത്തി. പിന്നീട്, കർണാടക കോഓപ്പറേറ്റീവ് മിൽക്ക് ഫെഡറേഷനും (കെഎംഎഫും) തിരുപ്പതി തിരുമല ദേവസ്ഥാനം ട്രസ്റ്റ് (ടിടിഡി) തമ്മിലുള്ള കരാർ അവസാനിച്ചത് ബിജെപിയുടെ ഭരണകാലത്താണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ തിരിച്ചടിച്ചു.

ഇന്നലെ മുതൽ നന്ദിനി പാലിന്റെ വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിക്കാനുള്ള കെഎംഎഫ് നിർദ്ദേശത്തിന് കർണാടക മന്ത്രിസഭ ജൂലൈ 27ന് അനുമതി നൽകിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം