ദില്ലി: അമേരിക്കന്‍ പ്രസിഡന്‍റ് ഡെണാള്‍ഡ് ട്രംപ് ഈ മാസം 24, 25 തീയതികളില്‍ ഇന്ത്യ സന്ദര്‍ശനം നടത്തും. പ്രസിഡന്‍റ് ട്രംപിനൊപ്പം ഭാര്യ മിലാനിയയും ഇന്ത്യയിലെത്തും. ദില്ലിക്ക് ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം അഹമ്മദാബാദും ട്രംപ് സന്ദര്‍ശിച്ചേക്കും. 

ട്രംപിന്‍റെ സന്ദര്‍ശനത്തില്‍ ഇന്ത്യ -അമേരിക്ക വ്യാപാരക്കരാര്‍ ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതിനൊപ്പം ഇന്‍റഗ്രേറ്റഡ് എയര്‍ ഡിഫന്‍സ് വെപ്പണ്‍ സിസ്റ്റം (ഐഎഡിഡബ്ല്യൂഎസ്) ഇന്ത്യയ്ക്ക് കൈമാറാനുളള തീരുമാനവും സന്ദര്‍ശനത്തില്‍ പ്രഖ്യാപിച്ചേക്കും. ഇന്ത്യ -അമേരിക്ക ബന്ധം മെച്ചപ്പെടുത്താന്‍ സന്ദര്‍ശനത്തിലൂടെ കഴിയുമെന്നാണ് കണക്കാക്കുന്നത്.