Asianet News MalayalamAsianet News Malayalam

Russia Ukraine Crisis : അന്ന് യുദ്ധമുഖത്ത് യുക്രൈൻ സൈന്യത്തിന്റെ വിശ്വാസം കാത്തത് ഈ മലയാളി

ഇരിങ്ങാലക്കുടക്കാരനായ ലിയോ മാവേലി തന്റെ സ്റ്റാർട്ടപ്പായ ആക്സിയോ ബയോസൊല്യൂഷൻസ് വഴി വികസിപ്പിച്ചെടുത്ത പാച്ച് ആദ്യം ഉപയോഗിച്ച സൈന്യമായിരുന്നു യുക്രൈന്റേത്

Ukraine army used Axiostat patch developed by Malayali Leo Mavely in 2014 crisis with Russia
Author
Thiruvananthapuram, First Published Feb 24, 2022, 3:16 PM IST

ദില്ലി: ഒരു മുറിവുണ്ടായാൽ ഏറ്റവും പ്രധാനം രക്തം വാർന്നുപോകാതിരിക്കുകയെന്നതാണ്. അതാണ് ലിയോ മാവേലിയുടെ ആക്സിയോ ബയോസൊല്യൂഷൻസിന്റെ വിജയഗാഥയും. എന്താണ് ഇദ്ദേഹവും യുക്രൈൻ സൈന്യവുമായുള്ള ബന്ധം? ഈ ഇരിങ്ങാലക്കുടക്കാരൻ തന്റെ സ്ഥാപനം വഴി വികസിപ്പിച്ചെടുത്ത പാച്ച് (ബാന്റേജ് പോലെ ശസ്ത്രക്രിയകളിലും ഗുരുതര മുറിവുണ്ടായാലും ഉപയോഗിക്കുന്നത്) ആദ്യം ഉപയോഗിച്ച സൈന്യമായിരുന്നു യുക്രൈന്റേത്.

'നേരിട്ടല്ല യുക്രൈൻ സൈന്യത്തിലേക്ക് ഞങ്ങൾ പ്രൊഡക്ട് നൽകിയത്. യൂറോപ്പിലെ ബിസിനസ് പാർട്ണർമാർ വഴിയായിരുന്നു അത്. ലോകത്ത് പല രാജ്യങ്ങളിലും ഈ ഉൽപ്പന്നം നിർമ്മിക്കാനുള്ള സംവിധാനമില്ല. ഇന്ത്യയിൽ ഞങ്ങളും ഇസ്രയേലിലും യൂറോപ്പിലും അമേരിക്കയിലും മാത്രമാണ് ഇതുള്ളത്. യുക്രൈൻ സൈന്യം ഉൽപ്പന്നം ഉപയോഗിക്കുന്നുവെന്ന് തന്നെ ഞങ്ങളറിഞ്ഞത് വളരെ വൈകിയാണ്,'- ആക്സിയോ ബയോ സൊല്യൂഷൻസ് സിഇഒ ലിയോ മാവേലി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

2013 - 2014 കാലത്താണ് ലിയോ മാവേലി തന്റെ സ്റ്റാർട്ടപ്പിന്റെ വളർച്ചയുടെ പടിയിലേക്ക് കടന്നത്. ദില്ലിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ തങ്ങളുടെ ഉൽപ്പന്നത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിടെയുണ്ടായിരുന്ന ഒരു എംബസി ഉദ്യോഗസ്ഥന്റെ ശ്രദ്ധയിലേക്ക് ഇതെത്തി. പിന്നീടൊരു ദിവസം ലിയോ മാവേലിയുടെ മുന്നിലേക്ക് ഒരു സ്ത്രീ വന്നു. യൂറോപ്പിൽ ഒരു ബിസിനസ് പങ്കാളിത്തത്തെ കുറിച്ചായിരുന്നു അവർക്ക് പറയാനുണ്ടായിരുന്നത്.

വളരെ സന്തോഷത്തോടെയാണ് ലിയോ മാവേലി ആ ഓഫർ സ്വീകരിച്ചത്. പക്ഷെ യൂറോപ്പിലേക്കുള്ള ആ യാത്ര ചെന്നെത്തിയത് പനിബാധയിലും. അവിടെ ചികിത്സ തേടിയ ശേഷം ജർമ്മനിയിൽ നിന്നുള്ള ഒരു ബിസിനസുകാരനുമായി ബിസിനസിനെ കുറിച്ച് തന്നെ സംസാരിച്ചു. ഒരൊറ്റ മാസത്തിൽ അതുവരെ ഉൽപ്പാദിപ്പിച്ച മുഴുവൻ സ്റ്റോക്കും തങ്ങൾ വാങ്ങാമെന്ന് ജർമ്മൻ ബിസിനസുകാരൻ ലിയോക്ക് ഉറപ്പ് നൽകി, അതായിരുന്നു തുടക്കം.

എന്നാൽ തിരിച്ചെത്തിയ ലിയോ അക്ഷരാർത്ഥത്തിൽ അമ്പരന്നു. കിട്ടിയ പർച്ചേസ് ഓഡർ നേരത്തെ പറഞ്ഞതിന്റെയും ഇരട്ടിയായിരുന്നു. അടുത്ത കുറച്ച് ആഴ്ചകൾ കൊണ്ട് ഓർഡർ പ്രകാരം വിയന്നയിലേക്ക് സാധനങ്ങൾ കയറ്റി അയച്ചു. കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ, തങ്ങളുടെ ഉൽപ്പന്നവുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത യുക്രൈൻ സൈനികരുടെ ചിത്രങ്ങൾ ലിയോയും സംഘവും കണ്ടു. കീവിലെ യുക്രൈൻ സൈനികരായിരുന്നു അത്.

'അന്ന് ആ ഓർഡർ പോകുന്നത് യുക്രൈൻ സൈന്യത്തിനാണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. പക്ഷെ അത് വലിയ നേട്ടമായി. പിന്നീട് സൈന്യവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ച് ആഴത്തിൽ പഠിച്ച് മനസിലാക്കി. മറ്റുള്ള കരാർ പോലെയല്ല, നേരിയ പിഴവ് പോലും സൈന്യത്തിനാവുമ്പോൾ ബിസിനസിനെ തിരിച്ചടിക്കും. പിന്നീട് ഇന്ത്യൻ സൈന്യം ഞങ്ങളിൽ നിന്ന് പാച്ച് നേരിട്ട് വാങ്ങാൻ ആരംഭിച്ചു. ഇന്ന് 300 ലേറെ ഇന്ത്യൻ ബറ്റാലിയനുകൾക്ക് ഞങ്ങൾ പാച്ച് നൽകുന്നുണ്ട്,' - ലിയോ വ്യക്തമാക്കി.

അഹമ്മദാബാദിലാണ് ലിയോ മാവേലി പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ബെംഗളൂരുവാണ് ഇവരുടെ ബിസിനസ് ആസ്ഥാനം. ഇന്ത്യൻ ആർമിക്ക് പുറമെ ലോകത്തെ പത്തോളം രാജ്യങ്ങളിലെ സൈനികർ ഇന്ന് തങ്ങളുടെ ഫസ്റ്റ് എയ്ഡ് കിറ്റിൽ മറക്കാതെ സൂക്ഷിക്കുന്നതാണ് ഈ പാച്ച്. 2013-14 കാലത്ത് റഷ്യയുമായുള്ള അസ്വാസരസ്യം കൊടുമ്പിരി കൊണ്ട ഘട്ടത്തിൽ യുക്രൈൻ സൈന്യത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചതും മുറിവുകളിൽ നിന്ന് രക്തം വാർന്നുപോകാതെ കാത്തതും ലിയോ മാവേലിയുടെ ഈ കണ്ടെത്തൽ തന്നെ.

അപ്പോളോയടക്കം രാജ്യത്തെ 300 ഓളം ആശുപത്രികളും ഈ പാച്ച് ഉപയോഗിക്കുന്നുണ്ട്. യൂറോപ്പിലും അമേരിക്കയിലും ബി ടു ബി രംഗത്ത് ആശുപത്രികൾ കേന്ദ്രീകരിച്ച് പ്രവർത്തനം വ്യാപിപ്പിക്കാനാണ് ഇപ്പോൾ കമ്പനി പദ്ധതിയിടുന്നത്. യുഎസ് മാർക്കറ്റിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനായി 45 കോടി രൂപയുടെ ഫണ്ടിങ് നേടിയ കമ്പനി ഈ നീക്കവുമായി മുന്നോട്ട് പോകുമ്പോഴാണ് അടുത്ത യുദ്ധം.

യുദ്ധം ഉണ്ടാകുമ്പോൾ ഇത്തരം പാച്ചുകളുടെ ഡിമാന്റ് വർധിക്കും. സൈനികർക്ക് വെടിയുണ്ടയേറ്റ് മാരകമായി മുറിവേറ്റാൽ ഈ പാച്ച് വെച്ച് മുറിവിൽ നിന്ന് രക്തം വാർന്നുപോകുന്നത് തടയാനാകും. ഇത് തന്നെയാണ് ആറ് വർഷം കൊണ്ട് ലിയോ മാവേലിയുടെ സ്റ്റാർട്ടപ്പിന് സ്വീകാര്യത വർധിപ്പിച്ചതും. ലോകത്ത് ഈ പാച്ച് ഉൽപ്പാദിപ്പിക്കുന്ന കമ്പനികൾ കുറവാണ്. ഇന്ത്യൻ സൈന്യത്തിനും സഖ്യരാഷ്ട്രങ്ങളിലെ സൈനികർക്കുമാണ് ആക്സിയോ നേരിട്ട് പാച്ച് വിതരണം ചെയ്യുന്നത്. യൂറോപ്പിൽ പാർട്ണർമാർ വഴിയാണ് ആശുപത്രികൾക്കും സൈന്യങ്ങൾക്കും ആക്സിയോ ബയോസൊല്യൂഷൻ വികസിപ്പിക്കുന്ന പാച്ചുകൾ ലഭിക്കുന്നത്.

Follow Us:
Download App:
  • android
  • ios