കാര്‍ഷിക ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ വായ്പ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് എട്ടാമത് ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മുന്നോട്ട് വെച്ചത്. 1. 7 കോടി കര്‍ഷകരെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി ധന്‍ ധാന്യ യോജന ധനമന്ത്രി പ്രഖ്യാപിച്ചു.ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി നൂറു ശതമാനമാക്കി.

ദില്ലി:കാര്‍ഷിക ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ വായ്പ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് എട്ടാമത് ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മുന്നോട്ട് വെച്ചത്. 1. 7 കോടി കര്‍ഷകരെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി ധന്‍ ധാന്യ യോജന ധനമന്ത്രി പ്രഖ്യാപിച്ചു. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി നൂറു ശതമാനമാക്കുകയും ചെയ്തു. 

ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥക്ക് കരുത്ത് പകരാന്‍ 10 മേഖലകള്‍ കേന്ദ്രീകരിച്ച് നിക്ഷേപം ഉറപ്പാക്കാനുള്ള നിര്‍ദ്ദേശമാണ് ധനമന്ത്രി മുന്നോട്ട് വെച്ചത്. വികസനത്തിലെ ആദ്യ എഞ്ചിന്‍ കാര്‍ഷിക രംഗമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ധന്‍ ധാന്യ യോജന പ്രഖ്യാപിച്ചത്. കാര്‍ഷിക ഉത്പാദനവും സംഭരണവും വര്‍ധിപ്പിക്കുന്നതിനാകും മുന്‍ഗണന. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം നല്‍കുന്ന ആറായിരം രൂപ ധനസഹായത്തില്‍ മാറ്റമില്ല. എന്നാല്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള വായ്പ പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. 

ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള വായ്പ സഹായം ഉയര്‍ത്തും. ചെറുകിട സംരംഭങ്ങളെ സഹായിക്കാൻ അഞ്ച് ലക്ഷം രൂപ പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യും. 10 ലക്ഷം ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്നാണ് ധനമന്ത്രിയുടെ വാഗ്ദാനം. സ്ത്രീകള്‍ക്കും അടിസ്ഥാന വിഭാഗങ്ങളിലുള്ളവര്‍ക്കും വ്യവസായങ്ങള്‍ തുടങ്ങാന്‍ രണ്ട് ലക്ഷം രൂപയുടെ വായ്പ നല്‍കും. ആകെ അഞ്ച് ലക്ഷം പേര്‍ക്കായിരിക്കും ഇതിന്‍റെ പ്രയോജനം കിട്ടുക. 

കളിപ്പാട്ട നിര്‍മ്മാണത്തില്‍ ഇന്ത്യയെ ആഗോള ഹബ്ബായി മാറ്റും. നൈപുണ്യ വികസനത്തിന് അഞ്ച് മികവിന്‍റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഐഐടികളില്‍ ആറായിരം വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പ്രവേശനം നല്‍കും. മെഡിക്കല്‍ കോളേജുകളില്‍ പതിനായിരം സീറ്റുകള്‍ കൂടി അടുത്ത കൊല്ലം അനുവദിക്കും. 

അഞ്ചു കൊല്ലത്തിനുള്ളില്‍ 75000 സീറ്റുകള്‍ കൂട്ടുകയാണ് ലക്ഷ്യം. ജില്ല ആശുപത്രികളില്‍ 200 ഡേ കെയര്‍ ക്യാന്‍സര്‍ സെന്‍ററുകള്‍ അടുത്ത വര്‍ഷം തുടങ്ങും. വിമാന യാത്രക്കാരുടെ എണ്ണം മൂന്ന് കോടി കൂടി വര്‍ധിപ്പിക്കാനുള്ള വികസന പദ്ധതികള്‍ നടപ്പാക്കും. ഒന്നര ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിന് പലിശ രഹിത വായ്പയായി നല്‍കും. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി ഏറെക്കാലമായി നിന്നിരുന്ന 74ല്‍ നിന്ന് 100 ശതമാനമായി ഉയര്‍ത്താനുള്ള സുപ്രധാന തീരുമാനവും ബജറ്റിലുണ്ട്. രാഷ്ട്രീയ എതിര്‍പ്പ് നിലനില്‍ക്കെയാണ് ഇന്‍ഷുറന്‍സ് പരിധി ഉയര്‍ത്തുന്നത്. 

12 ലക്ഷം വരെ നികുതി വേണ്ട, കേന്ദ്ര ബജറ്റിലെ ആദായ നികുതി ഇളവിൽ അറിയേണ്ടതെല്ലാം

YouTube video player