Asianet News MalayalamAsianet News Malayalam

കൽക്കരി ക്ഷാമമില്ല, അടിസ്ഥാന രഹിതമായ വാദം: ഊർജ്ജ പ്രതിസന്ധിയില്ലെന്നും കേന്ദ്രമന്ത്രി

നാല് ദിവസത്തേക്കുള്ള കൽക്കരിയുടെ കരുതൽ ശേഖരം (coal reserve) രാജ്യത്തുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. എല്ലാ ദിവസവും പുതിയ കൽക്കരി സ്റ്റോക്ക് രാജ്യത്തേക്ക് എത്തുന്നുണ്ട്

Union Minister of Power says no crisis in India following coal scarcity
Author
Delhi, First Published Oct 10, 2021, 1:25 PM IST

ദില്ലി: രാജ്യത്ത് കടുത്ത കൽക്കരി ക്ഷാമത്തെ (Coal scarcity) തുടർന്ന് സംസ്ഥാനങ്ങൾ (States) പലതും പവർകട്ടിലേക്ക് (load shedding) നീങ്ങിയ സമയത്ത്, ക്ഷാമമേ ഇല്ലെന്ന് വാദിച്ച് കേന്ദ്രമന്ത്രി ആർകെ സിങ് (Union Minister RK SIngh) രംഗത്ത്. രാജ്യത്ത് ഊർജ്ജ പ്രതിസന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയോട് (Gas Authority of India) പവർ പ്ലാന്റുകൾക്ക് (power plants) വേണ്ടത്ര ഗ്യാസ് നൽകാൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി പറഞ്ഞു. ദില്ലിയിൽ ഒരു പ്രതിസന്ധിയും ഉണ്ടാകില്ല. കൽക്കരിക്ക് ക്ഷാമമെന്നത്  അടിസ്ഥാനമില്ലാത്ത വാദമെന്ന് പറഞ്ഞ മന്ത്രി കൽക്കരിയുടെ സംഭരണത്തിലും വിതരണത്തിലും തടസമില്ലെന്നും പറഞ്ഞു.

നാല് ദിവസത്തേക്കുള്ള കൽക്കരിയുടെ കരുതൽ ശേഖരം (coal reserve) രാജ്യത്തുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. എല്ലാ ദിവസവും പുതിയ കൽക്കരി സ്റ്റോക്ക് രാജ്യത്തേക്ക് എത്തുന്നുണ്ട്. കൽക്കരി മന്ത്രിയുമായി ആശയവിനിമം നടത്തുന്നുണ്ടെന്നും ഊർജ്ജ മന്ത്രി വ്യക്തമാക്കി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കല്‍ക്കരി ഖനനവും ചരക്ക് നീക്കവും തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം തുടക്കം മുതലേ പറയുന്നത്. എന്നാല്‍ മിക്ക താപനിലയങ്ങളിലും ആവശ്യത്തിന് കരുതല്‍ ശേഖരം ഉണ്ടായിരുന്നില്ലന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 

ഉത്തരേന്ത്യയിൽ കൽക്കരി ക്ഷാമം രൂക്ഷമാണ്. രാജ്യത്തെ താപവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങി. പഞ്ചാബിലും രാജസ്ഥാനിലും ഉത്തർപ്രദേശിലും പവർകട്ട്  പ്രഖ്യാപിച്ചു. ദില്ലിയിൽ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നൽകി. കൽക്കരി വിതരണത്തില്‍ പുരോഗതിയുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ നേരത്തെ പറഞ്ഞിരുന്നത്. 

പല സംസ്ഥാനങ്ങളിലും 14 മണിക്കൂര്‍ വരെയാണ് അനൗദ്യോഗിക പവര്‍ കട്ട്. മതിയായ വൈദ്യുതിയുണ്ടെന്നാണ് അപ്പോഴും കേന്ദ്ര സര്‍ക്കാര്‍ വാദം. പവര്‍കട്ട് രൂക്ഷമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 135 കല്‍ക്കരി വൈദ്യുതി നിലയങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 70 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ നിന്നാണെന്നത് സ്ഥിതി ഗുരുതരമാക്കുന്നു.

കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്ന കേരളത്തിലും വൈദ്യുതി ക്ഷാമം നേരിടാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് കേരളത്തിലേക്ക് എത്തുന്ന വൈദ്യുതിയിലും കുറവുണ്ടായിട്ടുണ്ട്. എനര്‍ജി എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങിയാണ് കേരളം തൽക്കാലം പ്രതിസന്ധിയെ മറികടക്കുന്നത്.


 

Follow Us:
Download App:
  • android
  • ios