അമേരിക്കയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലുള്ള വ്യാപാര ബന്ധം വഷളായതിന്റെ സൂചനയായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.

ഗോള സ്വര്‍ണ വ്യാപാരത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന നീക്കവുമായി യുഎസ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഒരു കിലോ, 100 ഔണ്‍സ് സ്വര്‍ണ ബാറുകള്‍ക്ക് യുഎസ് താരിഫ് ചുമത്തി. ഈ തീരുമാനം ആഗോള വിപണിയെയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ കോടിക്കണക്കിന് ഡോളറിന്റെ സ്വര്‍ണ കയറ്റുമതി വ്യവസായത്തെയും പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇത് സംബന്ധിച്ച ഉത്തരവുകള്‍. ഇതിനുമുന്‍പ്, ഈ സ്വര്‍ണ ബാറുകള്‍ക്ക് തീരുവയില്‍ ഇളവ് ലഭിച്ചിരുന്നു. ലണ്ടനില്‍നിന്നുള്ള 400 ഔണ്‍സ് സ്വര്‍ണ ബാറുകള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിച്ച്, അവിടെ അവയെ ഒരു കിലോ ബാറുകളാക്കി മാറ്റിയശേഷമാണ് യുഎസ് വിപണിയിലേക്ക് എത്തിക്കുന്നത്. എന്നാല്‍, പുതിയ താരിഫ് ഈ വ്യാപാര ശൃംഖലയ്ക്ക് വലിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്.

അമേരിക്കന്‍ വിപണിയിലെ തര്‍ക്കങ്ങള്‍

അമേരിക്കയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലുള്ള വ്യാപാര ബന്ധം വഷളായതിന്റെ സൂചനയായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്. എല്ലാ സ്വിസ് ഉല്‍പ്പന്നങ്ങള്‍ക്കും 39% താരിഫ് ഏര്‍പ്പെടുത്തുമെന്ന യുഎസിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്വര്‍ണ ബാറുകള്‍ക്ക് തീരുവ ഏര്‍പ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ശുദ്ധീകരണ വ്യവസായ കേന്ദ്രമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. കഴിഞ്ഞ 12 മാസത്തിനിടെ 61.5 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണ് സ്വിറ്റ്‌സര്‍ലന്‍ഡ് യുഎസിലേക്ക് കയറ്റുമതി ചെയ്തത്. പുതിയ നിയമമനുസരിച്ച്, ഈ വ്യാപാരത്തിന് മാത്രം ഏകദേശം 24 ബില്യണ്‍ ഡോളറിന്റെ അധിക തീരുവ ചുമത്താന്‍ സാധ്യതയുണ്ട്.

സ്വിസ് റിഫൈനറി സ്ഥാപനങ്ങള്‍ക്ക് വലിയ തിരിച്ചടി

പുതിയ താരിഫ് കാരണം സ്വിസ് റിഫൈനറികള്‍ യുഎസിലേക്കുള്ള സ്വര്‍ണ കയറ്റുമതി കുറയ്ക്കുകയോ പൂര്‍ണ്ണമായി നിര്‍ത്തിവെക്കുകയോ വേണ്ടിവരുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റുചില റിഫൈനറികള്‍, ഏതെങ്കിലും സ്വര്‍ണ ബാറുകള്‍ക്ക് ഇളവ് ലഭിക്കുമോ എന്നറിയാന്‍ നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തുകയാണ്.

സ്വര്‍ണ ഫ്യൂച്ചറുകളുടെ വില കുതിച്ചുയരുന്നു

പുതിയ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ആഗോള വിപണിയില്‍ ഉടനടി പ്രകടമായി. ഒരു കിലോ സ്വര്‍ണ ബാറുകള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ന്യൂയോര്‍ക്കിലെ കോമെക്‌സ് എക്‌സ്‌ചേഞ്ചില്‍ സ്വര്‍ണ ഫ്യൂച്ചേഴ്‌സ് വില കുത്തനെ ഉയര്‍ന്നു. വിതരണ ശൃംഖലയിലെ അനിശ്ചിതത്വവും ആശങ്കകളും കാരണം, ഡിസംബര്‍ ഡെലിവറി കോണ്‍ട്രാക്ടുകള്‍ ലണ്ടനിലെ സ്‌പോട്ട് വിലയേക്കാള്‍ 100 ഡോളറില്‍ അധികമായി ഉയര്‍ന്നു.