വെറും 800 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റ്, ഒരു ചെറിയ സ്ഥലവും അതിലൊരു ട്രെയിലറും, പഴയ മൂന്നു കാറുകള്‍. ഇതാണ് റഷ്യന്‍ പ്രസിഡന്റിന്റെ പേരിലുള്ള ഔദ്യോഗിക സമ്പത്ത്!

ലോകത്തിലെ ഏറ്റവും ശക്തരായ ഭരണാധികാരികളില്‍ ഒരാളാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. എന്നാല്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ശമ്പളം എത്രയാണെന്നറിയാമോ? രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോള്‍ ആരാണ് മുന്നില്‍? രസകരമായ ആ കണക്കുകള്‍ പരിശോധിക്കാം. റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം വ്‌ലാഡിമിര്‍ പുടിന്റെ വാര്‍ഷിക ശമ്പളം ഏകദേശം 1.40 ലക്ഷം ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഏകദേശം 1.25 കോടി രൂപ. എന്നാല്‍ കേട്ടാല്‍ ആരും വിശ്വസിക്കാത്ത ചില ആസ്തി വിവരങ്ങളാണ് പുടിന്‍ ഔദ്യോഗികമായി നല്‍കിയിരിക്കുന്നത്:

വെറും 800 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റ്, ഒരു ചെറിയ സ്ഥലവും അതിലൊരു ട്രെയിലറും, പഴയ മൂന്നു കാറുകള്‍. ഇതാണ് റഷ്യന്‍ പ്രസിഡന്റിന്റെ പേരിലുള്ള ഔദ്യോഗിക സമ്പത്ത്! എന്നാല്‍ സര്‍ക്കാര്‍ വക വമ്പന്‍ കൊട്ടാരവും, സുരക്ഷയും, വിമാനയാത്ര സൗകര്യങ്ങളുമെല്ലാം ഇതിനു പുറമെയാണ്.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശമ്പളം

ഇന്ത്യയുടെ സര്‍വ്വസൈന്യാധിപ കൂടിയായ രാഷ്ട്രപതിയുടെ ശമ്പളം 2018-ലാണ് പരിഷ്‌കരിച്ചത്. നിലവില്‍ പ്രതിമാസം 5 ലക്ഷം രൂപയാണ് രാഷ്ട്രപതിയുടെ ശമ്പളം. അതായത് വര്‍ഷം 60 ലക്ഷം രൂപ. ഇതനുസരിച്ച് നോക്കുമ്പോള്‍, ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക ശമ്പളത്തേക്കാള്‍ ഏകദേശം ഇരട്ടിയിലധികം തുക റഷ്യന്‍ പ്രസിഡന്റ് കൈപ്പറ്റുന്നുണ്ട്.

പക്ഷേ, യഥാര്‍ത്ഥ കഥ വേറെ!

ഔദ്യോഗിക കണക്ക് ഇങ്ങനെയൊക്കെയാണെങ്കിലും അനൗദ്യോഗികമായി ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍ പുടിനാണെന്നാണ് അഭ്യൂഹങ്ങള്‍. പ്രമുഖ ധനകാര്യ വിദഗ്ധനായ ബില്‍ ബ്രൗഡര്‍ 2017-ല്‍ വെളിപ്പെടു ത്തിയത് പ്രകാരം, പുടിന് 20,000 കോടി ഡോളറിന്റെ (ഏകദേശം 17.8 ലക്ഷം കോടി രൂപ!) ആസ്തിയുണ്ട്. നികുതി വെട്ടിപ്പും അഴിമതിയും വഴി ഒളിപ്പിച്ചുവെച്ച സ്വത്താണിതെന്നാണ് ആരോപണം.

ഇന്ത്യന്‍ രാഷ്ട്രപതിക്കുള്ള ആനുകൂല്യങ്ങള്‍

സൗജന്യ യാത്ര: വിമാനം, ട്രെയിന്‍, കപ്പല്‍ എന്നിവയില്‍ രാജ്യത്തെവിടെയും സൗജന്യമായി യാത്ര ചെയ്യാം. കൂടെ ഒരാളെ കൊണ്ടുപോകാം; അവരുടെ ചിലവും സര്‍ക്കാര്‍ വഹിക്കും.

താമസം: ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രസിഡന്‍ഷ്യല്‍ വസതികളിലൊന്നായ രാഷ്ട്രപതി ഭവനില്‍ വാടകയില്ലാതെ താമസിക്കാം.

മറ്റു സൗകര്യങ്ങള്‍: സൗജന്യ ചികിത്സ, രണ്ട് ലാന്‍ഡ്ലൈന്‍ ഫോണുകള്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, അഞ്ച് പേഴ്‌സണല്‍ സ്റ്റാഫ് എന്നിവയും ലഭിക്കും.

പെന്‍ഷന്‍: കാലാവധി കഴിഞ്ഞാല്‍ വിരമിക്കല്‍ പെന്‍ഷനും, പങ്കാളിക്ക് ആജീവനാന്ത ചികിത്സയും കുടുംബ പെന്‍ഷനും ലഭിക്കും.