ഫോൺപേ ഇന്ത്യയിലെത്തി പിറകെ വാൾമാർട്ട്  ഇന്ത്യയിൽ അടയ്‌ക്കേണ്ടി വന്നത് ഭീമൻ നികുതി. കാരണം ഇതാണ്.  

പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ ഫോൺപേ തങ്ങളുടെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റിയതിന് ശേഷം വാൾമാർട്ട് ഇന്ത്യൻ സർക്കാരിന് നൽകേണ്ടി വന്നത് ഏകദേശം 1 ബില്യൺ ഡോളർ നികുതി. ഫോൺപേയുടെ ഓഹരി ഉടമയായാണ് വാൾമാർട്ട്. 

2018-ൽ ഇന്ത്യൻ ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്പ്കാർട്ടിൽ വാൾമാർട്ട് ഒരു നിയന്ത്രിത ഓഹരി വാങ്ങി, അതിൽ ഫോൺപേയുടെ ഓഹരിയും ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ഫോൺപേയും ഫ്ലിപ്പ്കാർട്ടും വേർപിരിഞ്ഞെങ്കിലും രണ്ട് കമ്പനികളിലെയും ഭൂരിഭാഗം ഓഹരി ഉടമയായി തങ്ങൾ തുടരുമെന്ന് വാൾമാർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഫോൺപേ നിക്ഷേപകർ സിംഗപ്പൂർ എന്റിറ്റിയിലെ തങ്ങളുടെ ഓഹരികൾ വിറ്റ് ഇന്ത്യൻ എന്റിറ്റിയിൽ നിക്ഷേപിച്ചതിന് ശേഷം മൂലധന നേട്ട നികുതിയായി ഉണ്ടായ 78 ബില്യൺ രൂപയിൽ ഭൂരിഭാഗവും വാൾമാർട്ട് ഇതിനകം അടച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്. പേയ്‌മെന്റിന്റെ മറ്റ് വിശദാംശങ്ങളൊന്നും വാൾമാർട്ട് നൽകിയിട്ടില്ല. ഇതിനെകുറിച്ച് വാൾമാർട്ട് പ്രതികരിച്ചിട്ടില്ല. 

2020 ഡിസംബറിലാണ് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഫോൺപേ വേറിട്ടത്. തുടർന്ന് രാജ്യത്തെ ഏറ്റവും മികച്ച ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളിൽ ഒന്നായ ഫ്ലിപ്പ്കാർട്ട് ഫോൺപേയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി. പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐ‌പി‌ഒ) നടത്താൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സിംഗപ്പൂറിൽ നിന്നും ഫോൺപേ ഇന്ത്യയിലെത്തുന്നത്.

മൂന്ന് ഘട്ടങ്ങളിലായാണ് സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്കുള്ള മാറ്റം ഫോൺപേ പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം സിംഗപ്പൂരിലുള്ള എല്ലാ അനുബന്ധ സ്ഥാപനങ്ങളെയും ഫോൺപേ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കുടകീഴിലേക്ക് കൊണ്ടുവന്നു. ഇൻഷുറൻസ് ബ്രോക്കിംഗും വെൽത്ത് ബ്രോക്കിംഗ് സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു. തുടർന്ന് രണ്ടാമതായി ഫോൺപേ ജീവനക്കാർക്കായി പുതിയ സ്റ്റോക്ക് ഉടമസ്ഥത പ്ലാൻ അവതരിപ്പിച്ചു. ഇതിലൂടെ ജീവനക്കാരുടെ നിലവിലുള്ള സ്റ്റോക്ക് ഉടമസ്ഥത പ്ലാനുമായി പുതിയതിനെ സംയോജിപ്പിച്ചു. മൂന്നാമതായി ഓട്ടോമാറ്റിക് ഓവർസീസ് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് നിയമങ്ങൾ പ്രകാരം ഫോൺപേ അടുത്തിടെ ഏറ്റെടുത്ത ഇന്ഡസ് ഓഎസ് ആപ്പ്‌സ്റ്റോറിന്റെ ഉടമസ്ഥാവകാശവും സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റി.