വയനാട് വനംവകുപ്പ്, കിഫ്ബി സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കിയ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി. വന്യജീവി ആക്രമണം നേരിടുന്ന പ്രദേശങ്ങളിൽ ഉള്ളവർക്കോ പ്രകൃതിദുരന്തങ്ങൾ ബാധിച്ച സ്ഥലങ്ങളിലുള്ളവർക്കോ സ്വയം സന്നദ്ധരായി മാറി താമസിക്കാൻ വനംവകുപ്പ് സഹായം നൽകും.

കേരളത്തിലെ വന്യജീവി-മനുഷ്യ സംഘർഷങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരിഹരിക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ് പരിസ്ഥിതിലോല മേഖലകളിൽ താമസിക്കുന്നവരുടെ പുനരധിവാസം. ഉയർന്ന ജനസാന്ദ്രതയുള്ള കേരളത്തിൽ വനങ്ങളോട് ചേർന്ന് താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതും ബദൽ താമസ സൗകര്യങ്ങൾ ഉറപ്പിക്കുന്നതും എളുപ്പമല്ല. ആളുകളെ പറിച്ചുമാറ്റുന്നത് അവരുടെ ജീവിതസാഹചര്യത്തെയും തൊഴിലിനെയും ബാധിക്കും എന്നതിനാൽ തന്നെ പ്രത്യേകിച്ചും ഇത് ബുദ്ധിമുട്ടാണ്.

വയനാട് വനംവകുപ്പ്, കിഫ്ബി സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കിയ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി ഈ കാര്യത്തിൽ വളരെ പുരോഗമനപരമായ ചുവടുവെപ്പാണ്. ഈ പദ്ധതി അനുസരിച്ച് രൂക്ഷമായ വന്യജീവി ആക്രമണം നേരിടുന്ന പ്രദേശങ്ങളിൽ ഉള്ളവർക്കോ പ്രകൃതിദുരന്തങ്ങൾ ബാധിച്ച സ്ഥലങ്ങളിലുള്ളവർക്കോ സ്വയം സന്നദ്ധരായി മാറി താമസിക്കാൻ വനംവകുപ്പ് സഹായം നൽകും.

ഭൂമിയുടെ അളവ് നോക്കാതെയാണ് ഈ പദ്ധതിയിലൂടെ നഷ്ടപരിഹാരം നൽകുന്നതെന്ന് വയനാട് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.വി അനന്ദൻ വിശദീകരിക്കുന്നു. "സ്വന്തം നിലയിൽ ഭൂമിയുണ്ടെങ്കിൽ, അഞ്ചേക്കർ വരെ, അവർക്ക് ഒരു യൂണിറ്റായി കണക്കാക്കി 15 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. രണ്ട് വിഭാഗമായാണ് ആളുകളെ ഈ പദ്ധതിയിൽ കണക്കാക്കുന്നത്. സ്ഥിരതാമാസക്കാരും അല്ലാത്തവരും. പ്രായപൂർത്തിയായ മക്കൾ അപേക്ഷകന്റെ കൂടെ സ്ഥിരതാമസമുണ്ടെങ്കിൽ അവർക്ക് ഒരു ഉപയൂണിറ്റിനും അർഹതയുണ്ട്. 15 ലക്ഷം രൂപയാണ് ഈ ഇനത്തിൽ ലഭിക്കുക." - കെ.വി അനന്ദൻ പറയുന്നു.

നോർത്ത് വയനാട് ഡിവിഷനിൽ നാല് സ്ഥലങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. മൊത്തം 7.65 കോടി രൂപയാണ് ഈ ഇനത്തിൽ വിതരണം ചെയ്തത്. വന്യമൃഗങ്ങളുടെ ശല്യമില്ലാതെ നല്ല സ്ഥലത്തേക്ക് താമസം മാറാനുള്ള അവസരമാണ് പദ്ധതി. ജനങ്ങളുടെ ദുരിതം മാറുന്നു എന്നതിനൊപ്പം തന്നെ വന്യജീവി-മനുഷ്യ സംഘർഷം ലഘൂകരിക്കാൻ വനംവകുപ്പിനും ഈ പദ്ധതി സഹായകമാകുകയാണ്.

"ഈ പദ്ധതി ഏറ്റവും അധികം ഗുണം ചെയ്യുന്നതും ഇത് ആഗ്രഹിക്കുന്നതും പാവപ്പെട്ട ആളുകൾക്കാണ്" - പദ്ധതിയെക്കുറിച്ച് വയനാട് ഡി.എഫ്.ഒ കെ.ജെ മാർട്ടിൻ ലോവെൽ പറയുന്നു.

"ഒരു കുടുംബത്തിൽ മൂന്ന് മുതിർന്ന മക്കളുണ്ടെങ്കിൽ അവർക്കും 15 ലക്ഷം രൂപ ലഭിക്കും. ചിലപ്പോൾ ആ കുടുംബത്തിന് മൂന്നു സെന്റോ അഞ്ച് സെന്റോ സ്ഥലമേ കാണൂ, പക്ഷേ അവർക്കും വീട് വെക്കാൻ തുക ലഭിക്കുകയാണ്. അതോടെ കാടിനടുത്തുള്ള സ്ഥലം സർക്കാരിന് കൈമാറിയ ശേഷം അവർ പുറത്തുപോയി സന്തോഷത്തോടെ ജീവിക്കുകയാണ്." - വയനാട് ഡി.എഫ്.ഒ പറയുന്നു.

ഈ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ജീവിതമാർഗത്തിനുള്ള സാഹചര്യവും വനംവകുപ്പ് ഒരുക്കുന്നുണ്ട്. തയ്യൽ മെഷീനുകൾ, കന്നുകാലികൾ എന്നിവയും ആവശ്യക്കാർക്ക് നൽകി. ഇതിനായി കിഫ്ബി ഫണ്ടാണ് ഉപയോഗിക്കുന്നത്.

വയനാട് സ്വദേശിയായ റംലയാണ് ഈ പദ്ധതിയിൽ നിന്നും ഗുണം ലഭിച്ച ഒരാൾ. റംലയുടെ അഞ്ച് സെന്റ് സ്ഥലത്തെ രണ്ട് മുറി വീട്ടിൽ ആന സ്ഥിരമായി ആക്രമണം നടത്തുമായിരുന്നു. കൃഷി നശിപ്പിച്ചതിനൊപ്പം വീട്ടിലെ ശുചിമുറിയും തകർത്തു.

"വനംവകുപ്പിന്റെ സഹായത്തോടെ നല്ലൊരു വീട് വച്ചു. ആരുടെയും അടിമയാകേണ്ട ആവശ്യം ഇപ്പോഴില്ല. ഇന്ന് സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു. ലോട്ടറിയടിച്ച പോലെയാണ് ഇപ്പോൾ." - റംല പറയുന്നു.

മറ്റൊരു ഗുണഭോക്താവായ ഗ്രേസിയുടെ ആദ്യത്തെ വീട് കണ്ണൂർ, വയനാട് ജില്ലകളുടെ നടുവിലായിരുന്നു. 1984 മുതൽ മേഖലയിൽ ആനശല്യമുണ്ട്. പദ്ധതി പ്രകാരം മാറിത്താമസിച്ചതോടെ കുട്ടികളുടെ വിദ്യാഭ്യാസവും കൃഷിയും നന്നായി നടക്കുന്നുണ്ടെന്ന് ഗ്രേസി പറയുന്നു.