പശ്ചിമേഷ്യൻ സംഘർഷവും ഇന്ധനവില വർധനവും കാരണം ഇന്ത്യൻ വിമാനക്കമ്പനികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രശ്നപരിഹാരത്തിനായി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു. സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ പല സർവീസുകളും നിർത്തിവെക്കേണ്ടി വരുമെന്ന് കമ്പനികൾ മുന്നറിയിപ്പ് നൽകുന്നു.
ദില്ലി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷവും വ്യോമപാതകളിലെ നിയന്ത്രണങ്ങളും കാരണമുണ്ടായ ഉയർന്ന പ്രവർത്തനച്ചെലവ് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണ്. സ്ഥിതിഗതികൾ പരിഹരിക്കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപ്പു രാംമോഹൻ നായിഡുവിന് അടിയന്തര ഇടപെടൽ അഭ്യർത്ഥിച്ച് എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്.ഐ.എ) കത്തയച്ചു.
സെപ്റ്റംബർ 25-ന് അയച്ച കത്തിൽ, വ്യോമപാത തിരിച്ച് വിട്ടതിനെത്തുടർന്നുള്ള അധിക ദൂരം, വിമാന ഇന്ധന (ATF) വിലയിലെ അമിത വർധനവ്, ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച എന്നിവയാണ് കമ്പനികൾ പ്രധാന വെല്ലുവിളികളായി ചൂണ്ടിക്കാണിക്കുന്നത്. വ്യോമപാത ദീർഘിച്ചതോടെ ഇന്ധന ഉപഭോഗവും ജീവനക്കാരുടെ ചെലവും ഉയർന്നു. കൂടാതെ ലീസ്, ഇൻഷുറൻസ് തുകകൾ ഡോളറിലാണ് അടയ്ക്കേണ്ടത് എന്നതിനാൽ രൂപയുടെ മൂല്യത്തകർച്ചയും തിരിച്ചടിയായി.
ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റഴിച്ചതിനാൽ പെട്ടെന്ന് യാത്രാനിരക്ക് വർധിപ്പിച്ച് തുക ഈടാക്കാനും കമ്പനികൾക്ക് സാധിക്കുന്നില്ല.സാധാരണയായി മൊത്തം ചെലവിന്റെ 30- 40 ശതമാനം വന്നിരുന്ന ഇന്ധനച്ചെലവ് നിലവിൽ 55- 60 ശതമാനമായി ഉയർന്നിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 72 ഡോളറിൽ നിന്ന് 118 ഡോളറായി ഉയർന്നപ്പോൾ എ.ടി.എഫ് വില ബാരലിന് 260.24 ഡോളർ വരെ എത്തിയ ശേഷം നിലവിൽ 175.33 ഡോളറിലാണ് നൽക്കുന്നത്.
പ്രശ്നങ്ങൾ പരിഹരിക്കാൻ ആഭ്യന്തര സർവീസുകൾക്കായി മുൻപ് അനുവദിച്ച 25 ശതമാനം ലാന്റിംഗ്- പാർക്കിംഗ് ചാർജ് ഇളവ് ദീർഘിപ്പിച്ചു നൽകണമെന്ന് വിമാനക്കമ്പനികൾ അഭ്യർത്ഥിച്ചു. ഇതോടൊപ്പം, ആഭ്യന്തര എ.ടി.എഫ് വിലനിർണ്ണയം അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് പകരം 'കോസ്റ്റ്-പ്ലസ് മോഡലിലേക്ക്' മാറ്റണമെന്നും 11 ശതമാനം വരുന്ന എക്സൈസ് ഡ്യൂട്ടി നിശ്ചിത നിരക്കിലേക്ക് ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ദില്ലി, മഹാരാഷ്ട്ര സർക്കാരുകൾ നൽകുന്ന 7% വാറ്റ് ഇളവ് തുടർന്നും നൽകണമെന്നും മറ്റ് പ്രമുഖ സംസ്ഥാനങ്ങളിലും സമാന ഇളവുകൾ ഏർപ്പെടുത്തണമെന്നും സംഘടന ആവശ്യമുന്നയിച്ചു. കൃത്യസമയത്ത് സർക്കാരിന്റെ ഭാഗത്തു നിന്ന് സാമ്പത്തിക സഹായങ്ങൾ ലഭ്യമായില്ലെങ്കിൽ ലാഭകരമല്ലാത്ത പല സർവീസുകളും നിർത്തിവെക്കാൻ വിമാനക്കമ്പനികൾ നിർബന്ധിതരായേക്കുമെന്നാണ് എഫ്.ഐ.എ മുന്നറിയിപ്പ് നൽകുന്നത്.

