മാറുന്ന കാലത്തിന്റെ ബാങ്കിങ് സേവനങ്ങൾ. പരമ്പരാഗത ബാങ്കുകളേക്കാള്‍ നിയോ ബാങ്കുകൾ നല്കുന്നതെന്ത്? അക്കൗണ്ട് ആരംഭിക്കുന്നതിന് മുമ്പെ നിയോബാങ്കുകളെ കുറിച്ച് അറിയേണ്ട 5 ഘടകങ്ങളിതാ 

രമ്പരാഗത ബാങ്കിംഗ് സ്ഥാപനങ്ങളുടെ രീതിയില്‍ നിന്നും പാടെ മാറിയുള്ള ബാങ്കിംഗ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പുതുതലമുറ ധനകാര്യ സാങ്കേതികവിദ്യ (ഫിന്‍ടെക്) കമ്പനികളാണ് നിയോബാങ്കുകള്‍. നേരിട്ട് സേവനങ്ങള്‍ നല്‍കുന്ന ശാഖകളില്ലാതെ പൂര്‍ണമായും ഓണ്‍ലൈന്‍ മുഖേനയാണ് ഇവയുടെ പ്രവര്‍ത്തനം. മൊബൈല്‍ ആപ്ലിക്കേഷന്‍/ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ധനകാര്യ സേവനങ്ങള്‍ നല്‍കുന്നത്.

ഓണ്‍ലൈന്‍ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമാക്കിയാല്‍ ഡിജിറ്റല്‍ ബാങ്കുകള്‍ക്ക് സമാനമാണ് നിയോബാങ്കുകളും (വ്യവസ്ഥാപിത ബാങ്കുകള്‍ സേവനം വിപൂലീകരിക്കാനായി തയ്യാറാക്കിയതാണ് ഡിജിറ്റല്‍ ബാങ്കുകള്‍). പരമ്പരാഗത ബാങ്കുകളേക്കാള്‍ ചുരുക്കം ചില സേവനങ്ങളാണ് നിയോബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും നിര്‍മിത ബുദ്ധിയില്‍ (Artificial Intelligence) അധിഷ്ഠിതമായി പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളതിനാല്‍ കുറഞ്ഞ ചെലവില്‍ സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്നത് നേട്ടമാണ്.

പതിവ് ധനകാര്യ ഇടപാടുകള്‍ക്കും സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമായി ഏതൊരാള്‍ക്കും നിയോബാങ്കുകള്‍ക്ക് കീഴില്‍ സേവിങ്‌സ് അക്കൗണ്ട് ആരംഭിക്കാനാകും. ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകളും നേടാം. സാമ്പത്തിക ആസൂത്രണത്തിന് വേണ്ടിയും വാര്‍ഷിക/ മാസ ബജറ്റും ചെലവുകളും ചിട്ടപ്പെടുത്തുന്നതിനു വേണ്ടി ഉപയോക്താക്കള്‍ക്ക് സബ്-അക്കൗണ്ടുകളും നല്‍കുന്നു. ഞൊടിയിടയില്‍ അപേക്ഷയിലെ നടപടിക്രമം പൂര്‍ത്തിയാക്കി പേഴ്‌സണല്‍/ ബിസിനസ് ലോണുകളും നല്‍കുന്നുണ്ട്.

അതേസമയം എല്ലാ ധനകാര്യ സേവനങ്ങളും പൂര്‍ണമായ ബാങ്കിംഗ് ലൈസന്‍സ് ഇല്ലാതെയാണ് നിയോബാങ്കുകള്‍ നിര്‍വഹിക്കുന്നതിനാല്‍ ചില ബാങ്കിംഗ് സേവനങ്ങള്‍ ഇവര്‍ക്ക് വാഗ്ദാനം ചെയ്യാനാവില്ലെന്നും ഓര്‍ക്കുക. നിയോബാങ്കുകളുമായി ബന്ധപ്പെട്ട 5 പ്രധാന ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

>> കുറഞ്ഞ ചെലവ്:- നേരിട്ട് നടത്തുന്ന ശാഖകള്‍ ഇല്ലാത്തതിനാല്‍ തന്നെ ഓഫീസ് ആവശ്യങ്ങള്‍ക്കും നടത്തിപ്പിനുമുള്ള ചെലവുകള്‍ ഗണ്യമായി ചുരുക്കാനാകും. അതുകൊണ്ട് തന്നെ നിയോബാങ്കുകള്‍ക്ക് അവരുടെ സേവനങ്ങള്‍ താരതമ്യേന കുറഞ്ഞ ചെലവില്‍ വാഗ്ദാനം ചെയ്യാനും നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കാനും പ്രാപ്തരാക്കുന്നു. ചില ബാങ്കുകള്‍ സീറോ-ബാലന്‍സ് അക്കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നു.

>> സൗകര്യം:- നിയോബാങ്കിംഗ് സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ മുഖേനയാണ്. ഇവരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി ഇന്റര്‍നെറ്റ് ലഭ്യതയുള്ള ഒരു മൊബൈല്‍ ഫോണ്‍ മാത്രം മതിയാകും.

>> വ്യക്തിഗതമായ സഹായങ്ങളുടെ അഭാവം:- പ്രത്യക്ഷത്തിലുള്ള ബാങ്ക് ശാഖകള്‍ ഇല്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ബന്ധപ്പെടാന്‍ മാര്‍ഗങ്ങളില്ല. വ്യക്തിഗതമായ സഹായ സേവനങ്ങളുടെ അഭാവവും വിശ്വസനീയതും കാരണം ചിലരെയെങ്കിലും നിയോബാങ്കുകളില്‍ നിന്നും അകറ്റി നിര്‍ത്താം.

>> നിയന്ത്രണങ്ങളുടെ ചട്ടക്കൂട്ട്:- കാര്യനിര്‍വഹണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, നിയോ-ബാങ്കുകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകില്ല. ഔപചാരിക പെരുമാറ്റച്ചട്ടങ്ങളില്‍ തുടരുന്ന അവ്യക്തകള്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഒരുപോലെ തലവേദന സൃഷ്ടിക്കാം.

ചുരുക്കത്തില്‍

നിയോ-ബാങ്കിംഗ് സംവിധാനം രാജ്യത്ത് പ്രാരംഭ ഘട്ടത്തിലാണുള്ളത്. അതിനാല്‍ പ്രാഥമിക അക്കൗണ്ട് എന്ന നിലയില്‍ ഇവിടെ ബാങ്ക് അക്കൗണ്ട് ആരംഭിക്കാതിരിക്കുന്നതാകും ഉചിതം. അതേസമയം, റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ ഷെഡ്യൂള്‍ ബാങ്കുകളുമായി ചേര്‍ന്നാണ് നിയോ-ബാങ്കുകളുടെ പ്രവര്‍ത്തനം എന്നതിനാല്‍ രണ്ടാം അക്കൗണ്ട് എന്ന നിലയിലോ അപ്രധാന ഇടപാടുകള്‍ക്കായോ ഇതില്‍ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ഇതിലൂടെ ലളിതമായ ബാങ്കിംഗ് സേവനങ്ങളും ധനകാര്യ ഉത്പന്നങ്ങളിലുള്ള ഓഫറുകള്‍ പ്രയോജനപ്പെടുത്താനും സാധിക്കുന്നു.