തീവ്രവാദ ആക്രമണങ്ങളില്‍ സംരക്ഷണം നല്‍കുന്ന പ്രധാന ഇന്‍ഷുറന്‍സ് പോളിസികള്‍ ഏതെല്ലാമെന്ന് നമുക്കൊന്ന് പരിശോധിക്കാം.

ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപം അടുത്തിടെയുണ്ടായ സ്‌ഫോടനം എല്ലാവരെയും ഞെട്ടിച്ച ഒരു സംഭവമാണ്. ഇത്തരത്തിലുളള അപ്രതീക്ഷിത സംഭവങ്ങള്‍ക്കിടയില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ തിരഞ്ഞെടുക്കുന്നത് ഒരു സാമ്പത്തിക സുരക്ഷാ കവചം മാത്രമല്ല, പ്രതിരോധത്തിനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണ്. തീവ്രവാദ ആക്രമണങ്ങളില്‍ സംരക്ഷണം നല്‍കുന്ന പ്രധാന ഇന്‍ഷുറന്‍സ് പോളിസികള്‍ ഏതെല്ലാമെന്ന് നമുക്കൊന്ന് പരിശോധിക്കാം.

1. പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സ്

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കാരണം കെട്ടിടങ്ങള്‍ക്കോ മറ്റ് വസ്തുക്കള്‍ക്കോ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മിക്ക പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസികളിലും ഇത് ഒരു ഓപ്ഷണല്‍ ആഡ്-ഓണ്‍ കവര്‍ ആയിട്ടാണ് ലഭിക്കുക. ഇതിനായി അധിക പ്രീമിയം നല്‍കേണ്ടി വരും. ജൈവ, രാസ, ആണവ അല്ലെങ്കില്‍ റേഡിയോളജിക്കല്‍ ആക്രമണങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് സാധാരണയായി കവറേജ് ലഭ്യമല്ല. ഇന്ത്യയിലെ എല്ലാ നോണ്‍-ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും തീവ്രവാദ റിസ്‌കുകള്‍ക്കായി രൂപീകരിച്ച ഇന്ത്യന്‍ മാര്‍ക്കറ്റ് ടെററിസം റിസ്‌ക് ഇന്‍ഷുറന്‍സ് പൂളിന്റെ ഭാഗമാണ്. ഒരു സ്ഥലത്ത് 1000 കോടി രൂപ വരെ റീ-ഇന്‍ഷുറന്‍സ് നല്‍കാന്‍ ഈ പൂളിന് ശേഷിയുണ്ട്. നിലവില്‍ ഈ പൂളില്‍ 4,600 കോടി രൂപയുടെ നിക്ഷേപമുണ്ട്.

2. ഹോം ഇന്‍ഷുറന്‍സ്

ചില 'ഓള്‍-റിസ്‌ക്' ഹോം ഇന്‍ഷുറന്‍സ് പോളിസികളില്‍ തീവ്രവാദ കവറേജും ഉള്‍പ്പെടുത്തിയിരിക്കും .തീവ്രവാദികള്‍ വരുത്തുന്ന നാശനഷ്ടങ്ങള്‍ക്കും, ഭീകരരെ നേരിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തുന്ന നടപടികള്‍ക്കിടയില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്കും ഇത് പരിരക്ഷ നല്‍കും. തീവ്രവാദ ആക്രമണത്തിന് ശേഷം നടക്കുന്ന മോഷണം, കവര്‍ച്ചകള്‍ എന്നിവ ഹോം ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരില്ല.

3. വാഹന ഇന്‍ഷുറന്‍സ്

ഒരു സമഗ്രമായ മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടെങ്കില്‍ തീവ്രവാദ ആക്രമണം മൂലം വാഹനത്തിനുണ്ടാകുന്ന നാശനഷ്ടങ്ങള്‍ കവര്‍ ചെയ്യും. കലാപം, സമരം, എന്നിവയ്ക്കെതിരായ പരിരക്ഷ ലഭിക്കുന്ന ഓണ്‍ ഡാമേജ് വിഭാഗത്തില്‍ തീവ്രവാദ ആക്രമണങ്ങള്‍ മൂലമുള്ള നാശനഷ്ടങ്ങള്‍ ഉള്‍പ്പെടും. തീവ്രവാദ ആക്രമണം മൂലമാണ് നാശനഷ്ടം സംഭവിച്ചതെങ്കില്‍, ഉടന്‍ തന്നെ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കുകയും പോലീസില്‍ പരാതി ഫയല്‍ ചെയ്യുകയും വേണം. ക്ലെയിമിന് ഇത് നിര്‍ബന്ധമാണ്.

4. പേഴ്‌സണല്‍ ആക്‌സിഡന്റ് കവര്‍

തീവ്രവാദ ആക്രമണം മൂലമുണ്ടാകുന്ന അപകടങ്ങളില്‍ പരുക്കേല്‍ക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ നഷ്ടപരിഹാരം ലഭിക്കും. മരണം സംഭവിച്ചാല്‍ നോമിനിക്ക് തുക ലഭിക്കും. മിക്ക പോളിസികളിലും ഇത് ലഭിക്കാന്‍ അധിക പ്രീമിയം നല്‍കേണ്ടതുണ്ട്. വിദേശത്തുവെച്ചുണ്ടാകുന്ന സംഭവങ്ങള്‍ കവര്‍ ചെയ്യുന്നത് ഉയര്‍ന്ന പോളിസികളില്‍ മാത്രമായിരിക്കും. ജൈവ, രാസ, ആണവ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ചികിത്സാ ചെലവുകള്‍ സാധാരണയായി ഇതില്‍ ഉള്‍പ്പെടില്ല. ഇന്‍ഷുറന്‍സ് പോളിസികളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ ഇത് ലഭിക്കൂ.

5. ആരോഗ്യ ഇന്‍ഷുറന്‍സ്

തീവ്രവാദ ആക്രമണത്തിന്റെ ഫലമായുണ്ടാകുന്ന പരുക്കുകള്‍ക്ക് ഇത് പരിരക്ഷ നല്‍കും. ആശുപത്രിവാസം, അതിനു മുമ്പും ശേഷവുമുള്ള ചികിത്സാ ചെലവുകള്‍, ആംബുലന്‍സ് ചാര്‍ജുകള്‍ എന്നിവ പോളിസി അനുസരിച്ച് കവര്‍ ചെയ്യും. പ്രതിസന്ധി ഘട്ടങ്ങളില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും, എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് മികച്ച ആശുപത്രിയിലേക്ക് എത്തിക്കാനും വരുന്ന ചെലവുകള്‍ ഇതില്‍ കവര്‍ ചെയ്യും

6. ട്രാവല്‍ ഇന്‍ഷുറന്‍സ്

തീവ്രവാദ ആക്രമണം കാരണം യാത്ര റദ്ദാക്കുക, പാസ്പോര്‍ട്ട് നഷ്ടപ്പെടുക, ചികിത്സാ ചെലവുകള്‍, മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകള്‍ തുടങ്ങിയവ ട്രാവല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. അടിയന്തര സാഹചര്യങ്ങളില്‍ താമസം നീട്ടേണ്ടി വന്നാല്‍ അതിന്റെ ചെലവും മടക്കയാത്രയുടെ ചെലവും പോളിസി അനുസരിച്ച് ലഭിക്കും. ആക്രമണ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് മനഃപൂര്‍വം യാത്ര ചെയ്യുകയോ സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ ക്ലെയിം ലഭിക്കില്ല