വിവിധ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ പൂർത്തിയായതോടെ രാജ്യത്ത് ഇന്ധനവില വർധിക്കുമോ എന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ ശക്തമാണ്. സോഷ്യൽ മീഡിയയിൽ ഇതുസംബന്ധിച്ച് വ്യാപക പ്രചാരണങ്ങൾ സജീവമായതിനിടെ വിശദീകരണവുമായി കേന്ദ്രസർക്കാർ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അവസാനിച്ചതോടെ രാജ്യം ഉറ്റുനോക്കുന്നത് പെട്രോള്‍, ഡീസല്‍ വിലയിലേക്കാണ്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നിട്ടും ഇന്ത്യയില്‍ ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടരുന്നത് എത്രനാള്‍ എന്ന ചോദ്യം ശക്തമാകുകയാണ്. ഇന്ധനവില വര്‍ധിപ്പിക്കുന്നത് അനിവാര്യമാണെന്നാണ് അന്താരാഷ്ട്ര നാണയ നിധി നല്‍കുന്ന സൂചന.
പ്രചരിക്കുന്നത് സത്യമോ?
പെട്രോളിന് 10 രൂപയും ഡീസലിന് 12.5 രൂപയും വര്‍ധിപ്പിക്കാന്‍ പോകുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി. വില വര്‍ധനവില്‍ ഔദ്യോഗിക തീരുമാനങ്ങളൊന്നും ഇതുവരെ എടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ കേന്ദ്രങ്ങളെ മാത്രം വിശ്വസിക്കണമെന്നും അധികൃതര്‍ അറിയിച്ചു. എങ്കിലും, എണ്ണക്കമ്പനികള്‍ വലിയ പ്രതിസന്ധിയിലാണെന്നത് വസ്തുതയാണ്.
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന് മുന്‍പ് ബാരലിന് 70 ഡോളര്‍ നിലവാരത്തിലായിരുന്ന ക്രൂഡ് ഓയില്‍ വില, ഇടയ്ക്ക് 126 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. നിലവില്‍ ഇത് 100 ഡോളറിന് മുകളിലാണ്. ഈ വര്‍ധനവ് വിപണിയില്‍ പ്രതിഫലിപ്പിക്കാത്തതിനാല്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്.
ഐഎംഎഫ് പറയുന്നത് ഇങ്ങനെ
ഇന്ത്യ വിപണിക്ക് അനുസരിച്ച് ഇന്ധനവില മാറാന്‍ അനുവദിക്കണമെന്ന് ഐഎംഎഫ് ഏഷ്യ പസഫിക് ഡയറക്ടര്‍ കൃഷ്ണ ശ്രീനിവാസന്‍ അഭിപ്രായപ്പെടുന്നു. 'നികുതി കുറച്ചും സബ്‌സിഡി നല്‍കിയും സര്‍ക്കാരിന് എത്രകാലം വില പിടിച്ചുനിര്‍ത്താനാകും? ഒരു ഘട്ടത്തില്‍ വിപണിയിലെ വില നിലവാരം ജനങ്ങളിലേക്ക് എത്തേണ്ടി വരും'- അദ്ദേഹം പറഞ്ഞു.
വില കൂടുമ്പോള്‍ സ്വാഭാവികമായും ഉപയോഗം കുറയുമെന്നും ഇത് ആഗോള വിപണിയിലെ എണ്ണക്ഷാമം പരിഹരിക്കാന്‍ സഹായിക്കുമെന്നുമാണ് ഐഎംഎഫിന്റെ സാമ്പത്തിക യുക്തി. എല്ലാവര്‍ക്കും സബ്‌സിഡി നല്‍കുന്നതിന് പകരം, അര്‍ഹരായവര്‍ക്ക് മാത്രം നേരിട്ട് സഹായം നല്‍കുന്ന രീതി സ്വീകരിക്കണമെന്നും അവര്‍ നിര്‍ദേശിക്കുന്നു.
വില വര്‍ധനവ് മറ്റ് മേഖലകളില്‍
പെട്രോളിനും ഡീസലിനും വില കൂട്ടിയിട്ടില്ലെങ്കിലും മറ്റ് ചില മേഖലകളില്‍ മാറ്റം പ്രകടമാണ്:
- വാണിജ്യ സിലിണ്ടര്‍: 19 കിലോയുടെ വാണിജ്യ എല്‍പിജി സിലിണ്ടറിന് അടുത്തിടെ 993 രൂപയുടെ വലിയ വര്‍ധനവുണ്ടായി.
- വിമാന ഇന്ധനം: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള ഇന്ധനവിലയും വര്‍ധിപ്പിച്ചു.
- ഇന്‍ഡസ്ട്രിയല്‍ ഡീസല്‍: വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഡീസല്‍ വിലയിലും മാറ്റം വരുത്തിയിട്ടുണ്ട്.


