115,61,085 രൂപ ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി;1 ലക്ഷത്തിലധികം തൊഴിലവസരവും ഉണ്ടാക്കി വനിത വികസന കോര്‍പറേഷൻ

സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ 2023-24 സാമ്പത്തിക വർഷത്തിലെ ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി. ഈ സാമ്പത്തിക വർഷം 36,105 വനിതകൾക്ക് 340 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു.

Women s Development Corporation hands over Rs 11561085 profit dividend to Chief Minister creates over 1 lakh job opportunities

തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ലാഭ വിഹിതം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടിയാണ് ലാഭ വിഹിതം മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. കോര്‍പറേഷന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ലാഭം 11.07 കോടി രൂപയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ലാഭ വിഹിതമായ 1,15,61,085 രൂപയുടെ ചെക്കാണ് കൈമാറിയത്.

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുന്‍നിര്‍ത്തി വനിത വികസന കോര്‍പറേഷന്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഈ സാമ്പത്തിക വര്‍ഷം 36,105 വനിതകള്‍ക്ക് 340 കോടി രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്. ഇതിലൂടെ ഒരു ലക്ഷത്തിലധികം വനിതകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനായി. തിരിച്ചടവിലും ഗണ്യമായ പുരോഗതി നേടാന്‍ കോര്‍പറേഷനായി.

വായ്പ വിതരണത്തിന് പുറമെ, സ്ത്രീ ശാക്തീകരണത്തിന് വേണ്ടി നിരവധി പദ്ധതികളും കോര്‍പറേഷന്‍ അവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. ഇവയില്‍ വനിതാ ഹോസ്റ്റലുകള്‍, വിദ്യാര്‍ത്ഥിനികള്‍ക്കും യുവതികള്‍ക്കും ഷീ പാഡ്, എം കപ്പ് വിതരണ പദ്ധതി, സംരംഭകത്വ വികസന പരിശീലനം, തൊഴില്‍ നൈപുണ്യ പരിശീലനം, നഴ്സുമാര്‍ക്ക് വിദേശത്ത് അവസരമൊരുക്കുന്നതിനുള്ള അപ് സ്‌കിലിങ് പരിശീലനം, വിമന്‍ ഹെല്‍പ് ലൈന്‍ തുടങ്ങി വിവിധ പദ്ധതികള്‍ വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള സ്ഥാപനം നടത്തുന്നു. ഇതിലൂടെ പ്രതിവര്‍ഷം 5 ലക്ഷത്തിലധികം സ്ത്രീകളിലേക്ക് വിവിധ സേവനങ്ങള്‍ എത്തിക്കുന്നുണ്ട്. വനിത വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ബിന്ദു വി.സി., ഡയറക്ടര്‍മാരായ ഷൈല സുരേന്ദ്രന്‍, അനിത ടി.വി., പ്രകാശിനി വി.കെ., പെണ്ണമ്മ തോമസ്, ഗ്രേസ് എം.ഡി., ഷീബ ലിയോണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios