പ്രതിസന്ധി മറികടക്കാനുള്ള ശ്രമം പാക്കിസ്ഥാൻ സ്വീകരിക്കണമെന്ന് ലോക ബാങ്കിന്റെ ദക്ഷിണേഷ്യൻ വൈസ് പ്രസിഡണ്ട് മാർട്ടിൻ റൈസർ ആണ് ആവശ്യപ്പെട്ടത്.  

ദില്ലി: ആഭ്യന്തര സാമ്പത്തിക രംഗം ശക്തിപ്പെടുത്തണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ലോകബാങ്ക്. മഹാ പ്രളയത്തെ തുടർന്ന് രാജ്യമൊട്ടാകെ നേരിട്ട വലിയ പ്രതിസന്ധി മറികടക്കാനുള്ള ശ്രമം പാക്കിസ്ഥാൻ സ്വീകരിക്കണമെന്ന് ലോക ബാങ്കിന്റെ ദക്ഷിണേഷ്യൻ വൈസ് പ്രസിഡണ്ട് മാർട്ടിൻ റൈസർ ആണ് ആവശ്യപ്പെട്ടത്. പാകിസ്ഥാന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വലുതാണെന്നും റൈസര്‍ പറഞ്ഞു.

പ്രകൃതി ദുരന്തത്തെ തുടർന്ന് രാജ്യം വലിയ പ്രതിസന്ധിയിൽ ആണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയിൽ നിന്ന് കരകയറാൻ കൃത്യമായ ദിശാബോധം രാജ്യത്തിന് ആവശ്യമാണ്. അന്താരാഷ്ട്ര സമൂഹം പാകിസ്ഥാനെ സഹായിക്കേണ്ടതുണ്ട്. ഇപ്പോൾ തന്നെ കടുത്ത പ്രതിസന്ധിയിൽ ഉള്ള ജനത്തെ ഉയർന്ന വൈദ്യുതി ബില്ല് അടിച്ചേൽപ്പിച്ച് കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് ശരിയല്ലെന്നും പാകിസ്ഥാനോട് ഉള്ള നിർദ്ദേശത്തിൽ റൈസർ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ഊർജ്ജ മേഖലയിൽ പരിഷ്കാരങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഈ വർഷമാണ് പാകിസ്ഥാനിൽ മഹാപ്രളയം ഉണ്ടായത്. 33 ദശലക്ഷം ആളുകൾ മഹാപ്രളയത്തിന്റെ പ്രതിസന്ധിയിൽ അകപ്പെട്ടു. രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗം വെള്ളത്തിനടിയിൽ ആയിരുന്നു. അന്ന് നേരിട്ട വലിയ തകർച്ചയിൽ നിന്ന് പാക്കിസ്ഥാന് ഇനിയും കരകയറാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More : കിട്ടുമ്പോഴൊക്കെ വാങ്ങി, ഇപ്പോൾ കണ്ണുതള്ളുന്ന കടം; ചൈനയ്ക്ക് പാകിസ്ഥാൻ കൊടുക്കാനുള്ളത് അത്രയും ഭീമമായ തുക!