ബിറ്റ്കോയിന്‍ മാത്രമല്ല മറ്റു ക്രിപ്റ്റോ കറന്‍സികളായ എറിത്രിയം, റിപ്പ്ള്‍ തുടങ്ങിയവയെല്ലാം ചരിത്രത്തിലെ ഏറ്റവും ഉയരത്തിലാണ് വ്യാപാരം നടക്കുന്നത്.

2024 അവസാനിക്കുമ്പോള്‍ ഏറ്റവും അധികം ആഹ്ലാദിക്കുന്നത് ബിറ്റ്കോയിന്‍ നിക്ഷേപകര്‍ ആയിരിക്കും. സ്വര്‍ണ്ണം, ബോണ്ട്, ഓഹരി വിപണി എന്നിങ്ങനെയുള്ള മറ്റുള്ള നിക്ഷേപ മാര്‍ഗങ്ങളെ എല്ലാം കടത്തിവെട്ടിയാണ് ബിറ്റ്കോയിന്‍ ഈ വര്‍ഷം മിന്നും പ്രകടനം കാഴ്ചവച്ചത്. 2024ല്‍ വെറും 12 മാസം കൊണ്ട് 140 ശതമാനം റിട്ടേണ്‍ ആണ് ബിറ്റ്കോയിന്‍, നിക്ഷേപകര്‍ക്ക് നല്‍കിയത്. ഈ വര്‍ഷം തുടങ്ങുമ്പോള്‍ 42,000 മുതല്‍ 43,000 ഡോളര്‍ വരെയായിരുന്നു. 2024 അവസാനിക്കുമ്പോള്‍ റെക്കോര്‍ഡ് വിലയായ ഒരു ലക്ഷത്തി എണ്ണായിരം ഡോളറാണ് ബിറ്റ് കോയിനിന്‍റെ വില. അതേസമയം ഈ വര്‍ഷം ഓഹരി വിപണികളിലെ റിട്ടേണ്‍ 10 ശതമാനവും സ്വര്‍ണത്തിന്‍റെ റിട്ടേണ്‍ 20 ശതമാനവും ആണ്.

ബിറ്റ് കോയിനിന്‍റെ കുതിപ്പിന് സഹായകരമായ നിരവധി സംഭവ വികാസങ്ങളാണ് ഈ വര്‍ഷം ഉണ്ടായത്. ജനുവരി മാസം അമേരിക്കയില്‍ ബിറ്റ് കോയിന്‍ ഇടിഎഫിന് അനുമതി നല്‍കിയതാണ് ഈ വര്‍ഷം ആദ്യം ഉണ്ടായ പ്രധാന അനുകൂല ഘടകം. അപകട സാധ്യതയുള്ള വികേന്ദ്രീകൃതമായ പ്ലാറ്റ്ഫോമുകളിലൂടെ കടന്നുപോകുന്നതിന് പകരം ലൈസന്‍സുള്ള കമ്പനിയുടെ പിന്തുണയോടെ കൂടുതല്‍ നിയന്ത്രിതമായ രീതിയില്‍ കിപ്റ്റോ വിപണിയിലേക്ക് പ്രവേശിക്കാന്‍ സ്പോട്ട് ബിറ്റ്കോയിന്‍ ഇടിഎഫ് സഹായിക്കും.

ജൂലൈ മാസത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച ഡോണാള്‍ഡ് ട്രംപ് ബിറ്റ്കോയിന് അനുകൂലമായ പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തു. സെപ്റ്റംബര്‍ മാസം ആയപ്പോഴേക്കും അമേരിക്കന്‍ കേന്ദ്രമായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് അരശതമാനം കുറച്ചു. നവംബര്‍ ഡിസംബര്‍ മാസത്തോടെ പലിശ നിരക്ക് കാല്‍ ശതമാനം വീണ്ടും കുറവു വരുത്തി. ഇതെല്ലാം നിക്ഷേപം ബിറ്റ്കോയിന്‍ റെക്കോര്‍ഡിലേക്ക് എത്താന്‍ സഹായിച്ചു. ആഗോള കറന്‍സിയായി അമേരിക്കന്‍ ഡോളര്‍ ഉപയോഗിക്കുന്നതിനെതിരെ റഷ്യന്‍ പ്രസിഡണ്ട് നേരിട്ട് രംഗത്തെത്തുകയും ബിറ്റ്കോയിന് അനുകൂലമായി സംസാരിക്കുകയും ചെയ്തു. ഇതും ബിറ്റ്കോയിന്‍ മൂല്യം കുതിക്കാന്‍ കാരണമായി. ഏറ്റവുമൊടുവില്‍ ക്രിപ്റ്റോക്ക് പിന്തുണ നല്‍കുന്ന ട്രംപ് തന്നെ യുഎസ് പ്രസിഡന്‍റ് ആയി വിജയിച്ചതോടെ ബിറ്റ്കോയിന്‍ വില വാനോളമായി. ക്രിപ്റ്റോ പോലുള്ള ഡിജിറ്റല്‍ ആസ്തികള്‍ക്ക് പിന്തുണ നല്‍കുമെന്നും യുഎസിനെ ഒരു 'ക്രിപ്റ്റോ ക്യാപിറ്റല്‍' ആക്കി മാറ്റുമെന്നും ട്രംപ് വാഗ്ദാനം ചെയ്തുകൊണ്ടാണ് ബിറ്റ്കോയിന്‍ വില റെക്കോര്‍ഡ് കുതിപ്പ് നടത്തിയത്. ക്രിപ്റ്റോകളെ സാമ്പത്തിക മുഖ്യധാരയിലേക്ക് എത്തിക്കുന്നത് തന്നെയാണ് ലക്ഷ്യം എന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയില്‍ ക്രിപ്റ്റോകറന്‍സികളില്‍ നിക്ഷേപിക്കുന്ന ആളുകളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 16 ശതമാനമാണ്

ബിറ്റ്കോയിന്‍ മാത്രമല്ല മറ്റു ക്രിപ്റ്റോ കറന്‍സികളായ എറിത്രിയം, റിപ്പ്ള്‍ തുടങ്ങിയവയെല്ലാം ചരിത്രത്തിലെ ഏറ്റവും ഉയരത്തിലാണ് വ്യാപാരം നടക്കുന്നത്. നിക്ഷേപ വിദഗ്ധരുടെ അഭിപ്രായപ്രകാരം 2024 പ്രകടനം 2025 ലും ബിറ്റ്കോയിന്‍ തുടരും.

നിയമപ്രകാരമുള്ള മുന്നറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്നത് നിക്ഷേപ നിര്‍ദേശമല്ല..