യൂട്യൂബിന്റെ പുതിയ സിഇഒ നീൽ മോഹന്‍ ആരാണ്? ഒമ്പത് വർഷമായി യൂട്യൂബിന്റെ സിഇഒ ആയി സേവനമനുഷ്ഠിച്ച സൂസൻ വോജിക്കി പിന്മാറിയത് എന്തുകൊണ്ടാണ്.  

ദില്ലി: യൂട്യൂബിന് ഇനി പുതിയ സിഇഒ. കഴിഞ്ഞ ഒമ്പത് വർഷമായി യൂട്യൂബിന്റെ സിഇഒ ആയി സേവനമനുഷ്ഠിച്ച സൂസൻ വോജിക്കിക്ക് പകരമായി സ്ഥാനമേൽക്കുക ഇന്ത്യൻ-അമേരിക്കക്കാരനായ നീൽ മോഹൻ. കുടുംബം, ആരോഗ്യം, വ്യക്തിപരമായ പദ്ധതികൾ എന്നിവ പരാമർശിച്ചാണ് 54 കാരിയായ സൂസൻ വോജിക്കി യുടൂബിന്റെ തലപ്പത്ത് നിന്നും രാജിവെച്ചത്. ഗൂഗിളിൽ പരസ്യ ഉൽപ്പന്നങ്ങളുടെ സീനിയർ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച വോജിക്കി 2014-ലാണ് യൂട്യൂബിന്റെ സിഇഒ ആയി ചുമതലയേറ്റത്. 

ആരാണ് നീൽ മോഹൻ?

യൂട്യൂബിന്റെ പുതിയ സിഇഒ നീൽ മോഹൻ മുമ്പ് യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008-ൽ നീൽ മോഹൻ യൂട്യൂബിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിളിൽ ചേർന്നു. ഏകദേശം 15 വർഷമായി, നീൽ മോഹനും വോജിക്കിയും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 2007-ൽ ഗൂഗിളിൽ ചേർന്ന അദ്ദേഹം പിന്നീട് ഡിസ്‌പ്ലേ ആൻഡ് വീഡിയോ ആഡ്‌സിന്റെ സീനിയർ വൈസ് പ്രസിഡന്റായി ഉയർന്നു. 2015ൽ യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി നിയമിതനായി. യൂട്യൂബ് ഷോർട്ട്‌സ്, മ്യൂസിക്, സബ്‌സ്‌ക്രിപ്‌ഷൻ ഓഫറുകൾ എന്നിവ നിർമ്മിക്കുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.

ALSO READ: 'പണമില്ല, ഓഫീസ് അടച്ചുപൂട്ടി'; ഇന്ത്യയിലെ ജീവനക്കാരോടും കൈമലർത്തി ഇലോൺ മസ്‌ക്

1996-ൽ അമേരിക്കയിലെ സ്റ്റാൻഡ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ നീൽ മോഹൻ തുടർന്ന് 2005-ൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ എംബിഎ പൂർത്തിയാക്കി. യൂട്യൂബിന് പുറമെ, വസ്ത്ര, ഫാഷൻ കമ്പനിയായ സ്റ്റിച്ച് ഫിക്സിൻറെ ബോർഡ് ഡയറക്ടറായും അദ്ദേഹം പ്രവർത്തിക്കുന്നു. 

ഈ പ്രധാനപ്പെട്ട ദൗത്യം ഏറ്റെടുക്കാൻ കഴിന്നതിൽ സന്തോഷമുണ്ടെന്നും ആവശ ഭരിതനാണെന്നും നീൽ മോഹൻ പറഞ്ഞു. ഒരു പുതിയ ഭാവി പ്രതീക്ഷിക്കുന്നുവെന്നും വരാനിരിക്കുന്ന കാര്യങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ALSO READ: എയർ ഇന്ത്യയ്ക്ക് വേണ്ടിവരും 6,500 പൈലറ്റുമാരെ; ലോകത്തിലെ ഏറ്റവും വലിയ വിമാന കച്ചവടം ഇങ്ങനെ