16 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഓസ്‌ട്രേലിയ നടപ്പിലാക്കുന്ന സോഷ്യൽ മീഡിയ നിരോധനത്തിൽ യൂട്യൂബും ഉൾപ്പെടും

ലോകത്തിലെ ആദ്യത്തെ സോഷ്യൽ മീഡിയ നിരോധനം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ഓസ്‌ട്രേലിയ. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഓസ്‌ട്രേലിയ നടപ്പിലാക്കുന്ന സോഷ്യൽ മീഡിയ നിരോധനത്തിൽ യൂട്യൂബും ഉൾപ്പെടും എന്നാണ് റിപ്പോർട്ട്. യൂട്യൂബിന് നൽകിയ ഇളവ് സർക്കാർ ഒഴിവാക്കി. നിരോധനം ഉണ്ടെങ്കിലും കൗമാരക്കാർക്ക് യൂട്യൂബ് വീഡിയോകൾ കാണാൻ കഴിയും. എന്നാൽ വിഡിയോ അപ്‌ലോഡ് ചെയ്യുന്നതിനോ പ്ലാറ്റ്‌ഫോമിൽ കമന്ററുകൾ ഇടുന്നതിനോ സാധിക്കില്ല. ഇതിനായി കൗമാരക്കാർക്ക് അക്കൗണ്ട് തുടങ്ങാനും അനുവാദമില്ല.

അതേസമയം, ഇത് കുട്ടികൾക്ക് പലതരത്തിലുള്ള മൂല്യം പകർന്നുനൽകുന്ന പ്ലാറ്റ്ഫോമാണെന്നും അതുകൊണ്ട് നിരോധിക്കരുതെന്നു ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് വാദിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ നിയമങ്ങൾ ആഗോള രാജ്യങ്ങൾ വളരെയധികം താൽപ്പര്യത്തോടെയാണ് നിരീക്ഷിക്കുന്നത്, നോർവേയും സമാനമായ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട് യുകെയും ഇത് പിന്തുടരുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായാണ് റിപ്പോർട്ട്.

സോഷ്യൽ മീഡിയ നമ്മുടെ കുട്ടികൾക്ക് ദോഷം ചെയ്യുന്നു, ഓസ്‌ട്രേലിയൻ മാതാപിതാക്കൾക്ക് പിന്തുണ നൽകുമെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. 10 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ ഏറ്റവും കൂടുതൽ ചെലവഴിക്കുന്നത് യൂട്യൂബിൽ ആയതിനാൽ, ഓസ്‌ട്രേലിയയുടെ ഇ-സേഫ്റ്റി കമ്മീഷണർ ജൂലി ഇൻമാൻ ഗ്രാന്റ് കഴിഞ്ഞ മാസം യൂട്യൂബിനെ നിരോധനത്തിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തിരുന്നു.

ഈ നിരോധനത്തിന് കീഴിൽ, രാജ്യം ആവശ്യപ്പെടുന്ന പ്രായപരിധി പാലിച്ചില്ലെങ്കിൽ ടെക് കമ്പനികൾക്ക് 50 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ വരെ പിഴ ചുമത്താം. നിലവിലുള്ള അക്കൗണ്ടുകൾ നിർജ്ജീവമാക്കുകയും പുതിയ അക്കൗണ്ടുകൾ നിരോധിക്കുകയും തെറ്റുകൾ തിരുത്തുകയും ചെയ്യേണ്ടത് ടെക് കമ്പനികൾ ആയിരിക്കും.