മൊസ്കോ: 11 മാസം പ്രായമുള്ള കുഞ്ഞിനെ അടുപ്പിലിട്ട് ചുട്ടുകൊന്ന കേസിൽ മുത്തച്ഛൻ അറസ്റ്റിൽ. 47 ക്കാരനായ മിയാ​ഗഷോവ് എന്നയാളാണ് അറസ്റ്റിലായത്. മദ്യ ലഹരിയില്‍ മിയാ​ഗഷോവ് തന്റെ കൊച്ചുമകനായ മാക്സിം സ​ഗലക്കോവിനെ ജീവനോടെ അടുപ്പിൽ വലിച്ചെറിഞ്ഞ് കൊല്ലുകയായിരുന്നു. റഷ്യയിലെ ഖഖാസിയയിലാണ് ചൊവ്വാഴ്ചയാണ് സംഭവം. 
 
മിയാ​ഗഷോവിന്റെ മകൾ വിക്ടോറിയയുടെ മകനാണ് മാക്സിം സ​ഗലക്കോവ്. മാക്സിമിനെ സുരക്ഷിതമായി മാതാപിതാക്കളുടെ കൈകളിൽ ഏൽപ്പിച്ചിട്ടാണ് 20കാരിയായ വിക്ടോറിയ പുറത്ത് പോയത്. പിന്നീട് വീട്ടിലേക്ക് തിരിച്ച് വന്നപ്പോഴാണ് തന്റെ പിഞ്ചോമനയുടെ കത്തിക്കരിഞ്ഞ ശരീരം അടുപ്പിനുള്ളിൽനിന്ന് കണ്ടെത്തിയത്. മദ്യലഹരിയിൽ ആയിരുന്ന തന്റെ മാതാപിതാക്കളാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി പൊലീസിൽ മൊഴി നൽകി. 


  
ആളിക്കത്തുന്ന അടുപ്പിനുള്ളിൽനിന്നാണ് കുഞ്ഞിന്റെ ശരീരം കണ്ടെടുത്തത്. ശരീരത്തിന്റെ പകുതിയിലേറെ ഭാ​ഗവും പൊള്ളലേറ്റ നിലയിലായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ കുഞ്ഞ് മരിച്ചെതങ്ങനെയാണെന്ന് വ്യക്തമല്ല. കേസിൽ മിയാ​ഗഷോവിനൊപ്പം ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.   

മിയാ​ഗഷോവ് പുറത്തുനിന്ന് മദ്യം വാങ്ങികൊണ്ടുവരുന്നത് കണ്ടതായി അയൽക്കാർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. പുറത്തുനിന്ന് മദ്യം വാങ്ങിയതിനുശേഷം ​ദമ്പതികൾ ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. വീടിനുള്ളിൽനിന്ന് കുട്ടിയുടെ കരച്ചിൽ കേൾക്കാമായിരുന്നുവെന്നും അയൽക്കാർ പറയുന്നു. മദ്യം വാങ്ങി വീട്ടിലെത്തിയതിനുശേഷമാണ് മിയാ​ഗഷോവ് കുഞ്ഞിനെ അടുപ്പിലേക്ക് വലിച്ചെറിഞ്ഞതെന്നാണ് പൊലീസിന്റെ നി​ഗമനം.