പൂണെയിലെ ജി.എസ്.ടി ഇന്‍റലിജന്‍സ് കേരളത്തിലെ തട്ടിപ്പ്  കണ്ടെത്തി . സംസ്ഥാന സര്‍ക്കാര്‍ വ്യാജ രജിസ്‌ട്രേഷനുകളെല്ലാം റദ്ദാക്കിയതല്ലാതെ മറ്റൊരു നടപടിയും സ്വീകരിച്ചില്ല

തിരുവനന്തപുരം: ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. 2024-25 സാമ്പത്തിക വര്‍ഷം ഒരു തട്ടിപ്പ് സംഘം മാത്രം 1100 കോടി രൂപയുടെ ഇടപാടുകളാണ് വ്യാജ പേരില്‍ നടത്തിയിരിക്കുന്നത്. ഈ സംഘം സാധാരണക്കാരുടെ പേരില്‍ അവര്‍ അറിയാതെയാണ് ജി.എസ്.ടി രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്. ആരുടെ പേരിലും ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുക്കാം. നിലവില്‍ ജി.എസ്.ടി രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ മറ്റൊരാളുടെ ബാങ്ക് അക്കൗണ്ട് നല്‍കാം. അത്തരത്തില്‍ സാധാരണക്കാരുടെ പേരില്‍ എടുക്കുന്ന ജി.എസ്.ടി രജിസ്‌ട്രേഷനില്‍ ഈ സംഘത്തിന്‍റെ ബാങ്ക് അക്കൗണ്ട് നല്‍കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. എന്നാല്‍ ജിഎസ്ടി ഇന്‍കംടാക്‌സ് ബാധ്യതകള്‍ സാധാരണക്കാര്‍ക്ക് മുകളില്‍ വരും. 

200 കോടി രൂപയാണ് ഈ സംഭവത്തില്‍ മാത്രം സംസ്ഥാനത്തിന് ജി.എസ്.ടി നഷ്ടമുണ്ടായത്. ഇക്കാര്യം പൂണെയിലെ ജി.എസ്.ടി ഇന്റലിജന്‍സ് കണ്ടെത്തി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ വ്യാജ രജിസ്‌ട്രേഷനുകളെല്ലാം റദ്ദാക്കിയതല്ലാതെ മറ്റൊരു നടപടിയും സ്വീകരിച്ചില്ല. 2025 ഫെബ്രുവരിയിലാണ് പൂണെയിലെ ഇന്റലിജന്‍സ് സംസ്ഥാന സര്‍ക്കാരിനെ തട്ടിപ്പ് അറിയിച്ചത്. തട്ടിപ്പിന് പിന്നില്‍ ഏത് സംഘമാണ് പ്രവര്‍ത്തിച്ചതെന്ന് ജി.എസ്.ടി ഇതുവരെ അന്വേഷിച്ചിട്ടില്ല. അന്വേഷണം നടത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുമില്ല.

ഐജിഎസ്ടിയുമായി ബന്ധപ്പെട്ട കേസായതു കൊണ്ട് ഈ തട്ടിപ്പിനെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണം. ഇരകളായി മാറിയവര്‍ക്ക് നിയമസംരക്ഷണം നല്‍കണം. തെറ്റ് കണ്ടിട്ടും ശ്രദ്ധിക്കാതിരുന്ന ജി.എസ്.ടി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു