കുട്ടനാട്ടിലെ മഞ്ചാടിമൂട് പനക്കത്തോടിന് സമീപമാണ് മടവീഴ്ച്ചയുണ്ടായത്. സമീപത്തെ കുപ്പപ്പുറം പാടത്തേക്ക് വെള്ളം കയറി. കൃഷിക്ക് ഒരുക്കി നിര്‍ത്തിയിരുന്ന 350 ഏക്കര്‍ പാടം ഇതോടെ വെള്ളത്തിലായി. ഏക്കറിന് ഏഴായിരത്തോളം രൂപ ചിലവാക്കിയ ശേഷമാണ് പാടത്തേക്ക് വെള്ളംകയറിയത്. 300ല്‍ അധികം കര്‍ഷകര്‍ക്ക് 25 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി.

പാടത്തെ വെള്ളംകവിഞ്ഞ് സമീപത്തെ വീടുകളിലേക്ക് കയറിയതോടെ ജനജീവിതം ദുസ്സഹമായി. കായല്‍ പ്രദേശമായതിനാല്‍ മാറി താമസിക്കാന്‍ പോലും ഇടമില്ലാതെ കഷ്ടപ്പെടുകയാണ് 200ലധികം കുടുംബങ്ങളിലെ ജനങ്ങള്‍. വീട്ടിലെ ഉപകരണങ്ങളടക്കമുള്ളവ വെള്ളത്തിനടിയിലാവുകയാണ്. അതേസമയം, ഇവിടുത്തെ ജനങ്ങള്‍ക്കായി നാളെ ദുരിതാശ്വാസക്യാംപ് ആരംഭിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മടവീണ പാടശേഖരത്ത് പരിശോധന നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ ജില്ലാകൃഷി ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.