വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോള്‍സെന്ററിലൂടെ വന്‍ തുക തട്ടിയെടുത്ത കേസില്‍ നാല് ഇന്ത്യാക്കാരും ഒരു പാകിസ്താന്‍കാരനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലെ അനധികൃത കോള്‍ സെന്ററുകളിലെ ജീവനക്കാര്‍ യുഎസ് പൗരന്മാരില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നതാണ് കേസ്.

രാജുഭായ് പട്ടേല്‍ (32), വിരാജ് പട്ടേല്‍ (33), ദിലീപ് കുമാര്‍ അമ്പല്‍ പട്ടേല്‍ (53) എന്നിവര്‍ക്കൊപ്പം പാക് സ്വദേശി ഫഹദ് അലി (25) യും കുറ്റക്കാരാണെന്ന് ടെക്‌സസിലെ യുഎസ് ജില്ലാ കോടതിയാണ് കണ്ടെത്തിയത്.

ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലായിരുന്നു കോള്‍ സെന്ററില്‍ നിന്നും ആദായ നികുതി വകുപ്പില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ച ശേഷം പണം തട്ടിയെടുക്കുന്നതായിരുന്നു രീതി.

നികുതി കുടിശ്ശികയുള്ളവരെ തപ്പിയെടുത്ത് വിളിച്ച ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നപടികള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ഒത്തുതീര്‍പ്പിനായി പണം വാങ്ങുകയായിരുന്നു ഇവര്‍. ഇ മെയിലും മൊബൈല്‍ സന്ദേശവും തട്ടിപ്പിനായി ഉപയോഗിച്ചു.

അമേരിക്കയില്‍ പോകുന്നതിന് മുമ്പ് 2012 ആഗസ്റ്റില്‍ ഇന്ത്യയിലെ ഒരു കോള്‍ സെന്റര്‍ ഹര്‍ദിക് നടത്തിയിരുന്നു. ഇത് തട്ടിപ്പിനായി വ്യാപകമായി ഉപയോഗിക്കുകയായിരുന്നു.

ഇല്ലിനോയ്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന രാജുഭായ് പട്ടേല്‍ ആയിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. വിരാജ് പട്ടേല്‍ ഇന്ത്യയിലെ കോള്‍സെന്റര്‍ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന ആളായിരുന്നു. തെക്കന്‍ കാലിഫോര്‍ണിയയില്‍ നിന്ന് ദിലീപ് കുമാറും ചിക്കാഗോയില്‍ ഇരുന്ന് ഫഹദ് അലിയും തട്ടിപ്പ് നടത്തി.

ഇതിനകം ഇന്ത്യയിലെ അഞ്ച് കോള്‍ സെന്റര്‍ അടക്കം പങ്കാളികളായ കേസില്‍ 56 പേര്‍ക്കെതിരേയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അഞ്ചു പേര്‍ക്കുമുള്ള ശിക്ഷ പിന്നീട് വിധിക്കും.