മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ജില്ലാ ആശുപത്രിയില്‍ മതിയായ ചികിത്സകിട്ടാതെ കഴിഞ്ഞമാസം 55 നവജാത ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ട്. വെന്റിലേറ്ററും ഇന്‍ക്യുബേറ്ററും ഓക്‌സിജന്‍ സിലിണ്ടറും ഇല്ലാത്തതിനാലാണ് കുട്ടികള്‍ മരിച്ചതെന്നാണ് ആരോപണം. അതേസമയം ആശുപത്രിയുടെ വീഴ്ചകൊണ്ടല്ല കുഞ്ഞുങ്ങള്‍ മരിച്ചതെന്ന് അധികൃതര്‍ പറയുന്നു.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ അഞ്ചുമാസക്കാലത്തിനിടയ്ക്ക് 187 നവജാത ശിശുക്കളാണ് നാസിക് സിവില്‍ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞമാസംമാത്രം 55 കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. ആശുപത്രിയില്‍ ആവശ്യത്തിന് ഇന്‍ക്യുബേറ്ററില്ലാത്തതും ഓക്‌സിജന്‍ സിലിണ്ടറിന്റെ കുറവുമാണ് കുഞ്ഞുങ്ങള്‍ മരിക്കാനിടയാക്കിയത്. ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ് കുഞ്ഞുങ്ങളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതെന്ന ന്യായീകരണമാണ് നാസിക് സിവില്‍ സര്‍ജന്‍ സുരേഷ് ജഗ്ദാലെ പറയുന്നത്. 

മാസം തികയാതെ പ്രസവിക്കുന്നതും കരളിന് തകരാളുള്ളതുമായ കുഞ്ഞുങ്ങളാണ് മരിക്കുന്നതെന്നും ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും ജഗ്ദാലെ വിശദീകരിച്ചു. ആശുപത്രിയില്‍ 18 ഇന്‍ക്യുബേറ്ററുകള്‍ മാത്രമാണ് ഉള്ളതെന്നും ചിലസമയങ്ങളില്‍ നാലുകുഞ്ഞുങ്ങളെവരെ ഒരെണ്ണത്തില്‍ കിടത്തേണ്ടി വരാറുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍നിന്നും അവസാന നിമിഷമാണ് കുട്ടികളെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുന്ന് ആരോഗ്യമന്ത്രി ദീപക് സാവന്തും പറയുന്നത്. 

ഗോരക്പൂരില്‍ ജപ്പാന്‍ ജ്വരം വന്നാണ് കുട്ടികള്‍മരിക്കുന്നത്. അതുപോലുള്ള സാഹചര്യം അല്ല നാസികില്‍ ഉള്ളത് സിവില്‍ ആശുപത്രിയില്‍നിന്നും ഓരോ വര്‍ഷവും അന്‍പതിനായിരത്തോളം കുഞ്ഞുങ്ങള്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ ഡിസ്ചാര്‍ജ് ആകാറുണ്ടെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. ഘോരക്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സകിട്ടാതെ 70ഓളം കുഞ്ഞുങ്ങള്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് നാസികില്‍ നിന്നുള്ള ശിശുമരണ വാര്‍ത്ത എത്തുന്നത്.