സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇന്നോവ കാറിലെത്തിയ സംഘമാണ് കവർച്ച നടത്തിയത്. ഇന്നോവ കാറിനായി ദേശീയപാതയിൽ വ്യാപക തിരച്ചിൽ നടത്തുന്നതായി പൊലീസ് അറിയിച്ചു

തൃശ്ശൂർ: മണ്ണൂത്തി ദേശീയ പാതയരികില്‍ വന്‍ കവര്‍ച്ച. ബംഗലൂരുവില്‍ നിന്ന് എഴുപത്തിയഞ്ച് ലക്ഷം രൂപയുമായി ബസ്സില്‍ നന്നിറങ്ങിയ അറ്റ്ലസ് ബസ്സുടമയില്‍ നിന്ന് ഒരുസംഘം പണം തട്ടിയെടുത്തു കടന്നുകളഞ്ഞു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

പുലര്‍ച്ചെ നാലരയോടെയാണ് കവര്‍ച്ച നടന്നത്. ബംഗലൂരുവില്‍ നിന്നും ബസ്സില്‍ മണ്ണൂത്തിയില്‍ വന്നിറങ്ങിയ അറ്റ്ലസ് ബസ് ഉടമയും എടപ്പാള്‍ സ്വദേശിയുമായ മുബാറക്കിന്‍റെ പക്കല്‍ എഴുപത്തിയഞ്ച് ലക്ഷം രൂപയുണ്ടായിരുന്നു. ബസ് വിറ്റ് കിട്ടിയ കാശെന്നായിരുന്നു പിന്നീടിയാള്‍ പൊലീസിന് നല്‍കിയ മൊഴി. ബസ്സിറങ്ങിയ മുബാറക് തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ പണമടങ്ങിയ ബാഗ് വച്ചശേഷം ശുചിമുറിയില്‍ പോകുന്നതിനായി തൊട്ടടുത്തേക്ക് മാറി. ഈ സമയത്താണ് തൊപ്പിവച്ച യുവാവ് ബാഗെടുത്ത് വാഹനത്തിനടുത്തേക്ക് നടന്നത്. ഇത് കണ്ട മുബാറക് പിന്നാലെയെത്തി അയാളെ കടന്നു പിടിച്ചു.

പണവുമായി പ്രതികള്‍ കടന്നുകളഞ്ഞെന്നു മനസ്സിലാക്കിയ മുബാറക് തൊട്ടടുത്ത മണ്ണൂത്തി പൊലീസില്‍ പരാതി നല്‍കി. പൊലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വാഹനത്തിന് മുന്നിലും പിന്നിലും രണ്ടു നമ്പരുകളായിരുന്നു ഉണ്ടായിരുന്നത്. ഹൈവേ കേന്ദ്രീകരിച്ച് പണം തട്ടിയെടുക്കുന്ന കുഴല്‍പ്പണ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മുബാറക്കിന്‍റെ സാമ്പത്തിക സ്രോതസ്സുകളും പരിശോധിക്കുന്നുണ്ട്.

തൃശൂർ മണ്ണുത്തി ദേശീയപാതയിൽ വൻ കവർച്ച, സിസിടിവി ദൃശ്യങ്ങൾ പുറത്ത്