കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന കുറ്റത്തിന് അറസ്റ്റ് ചെയ്ത നടന്‍ ദിലീപിനെ ആലുവ സബ് ജയിലിലെത്തിച്ചു. അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ദിലീപിനെ സെല്ലിലേക്ക് മാറ്റി. ജയില്‍ സൂപ്രണ്ട് ഇതുവരേയും സ്ഥലത്തെത്തിയിട്ടില്ല. പ്രത്യേക പരിഗണനകളില്ലാതെ സാധാരണ ഒരു തടവുകാരനായി ദിലീപ് മാറിയിരിക്കുന്നു. ദിലീപിന് ജയില്‍ നമ്പര്‍ അനുവദിച്ചു.

കേസുമായി ബന്ധപ്പെട്ട് നാളെ തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് ദിലീപ് അറിയിച്ചത്. പോലീസ് ദിലീപിനെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കും. കേസിലെ ഗൂഡാലോചന സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും അതിന് ദിലീപിനെ ചോദ്യം ചെയ്യണമെന്നുമാണ് പോലീസ് കേടതിയെ അറിയിക്കുക.

കേസിലെ വിചാരണകളിലേക്ക് പോകുമ്പോള്‍ ശക്തമായ തെളിവുകള്‍ വേണം. ഇനി ഗൂഡാലോചന സംബന്ധിച്ച് കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. എറണാകുളം കേന്ദ്രീകരിച്ച ഹോട്ടലില്‍ നിന്ന് ക്വട്ടേഷന്‍ നല്‍കുമ്പോള്‍ ഒരു ദൃക്‌സാക്ഷി ഉണ്ടായിരുന്നു എന്നായിരുന്നു വിവരം. ഇതടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ വേണമെന്ന് പോലീസ് കേടതിയെ അറിയിക്കും.