സ്വര്‍ണത്തിന് വില കൂടിയതോടെ യുവാക്കള്‍ക്കിടയില്‍ വജ്രാഭരണങ്ങള്‍ക്കും ഭാരം കുറഞ്ഞ ആഭരണങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറിയതായി ജോയ് ആലുക്കാസ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനുള്ള പ്രിയം കുറയില്ല

സ്വര്‍ണവിലയിലെ റെക്കോര്‍ഡ് കുതിപ്പിനിടയിലും വന്‍ വികസന പദ്ധതികളുമായി ജോയ് ആലുക്കാസ് ഗ്രൂപ്പ്. 3,600 കോടി രൂപ മുതല്‍മുടക്കില്‍ ഇന്ത്യയിലും വിദേശത്തുമായി 40 പുതിയ ഷോറൂമുകള്‍ കൂടി തുറക്കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് അറിയിച്ചു. 2027 സാമ്പത്തിക വര്‍ഷത്തോടെ 41,000 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആഗോളവിപണിയിലെ അനിശ്ചിതത്വങ്ങള്‍ കാരണം സ്വര്‍ണവില ഉയര്‍ന്നുനില്‍ക്കുകയാണെങ്കിലും കമ്പനിയുടെ വളര്‍ച്ചയെ അത് ബാധിച്ചിട്ടില്ല. വില്‍പ്പനയുടെ അളവില്‍ ചെറിയ കുറവുണ്ടായെങ്കിലും, വിറ്റുവരവില്‍ 15 മുതല്‍ 16 ശതമാനം വരെ വളര്‍ച്ച നേടാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

വജ്രത്തിനും ലൈറ്റ് വെയ്റ്റിനും പ്രിയമേറുന്നു

സ്വര്‍ണത്തിന് വില കൂടിയതോടെ യുവാക്കള്‍ക്കിടയില്‍ വജ്രാഭരണങ്ങള്‍ക്കും ഭാരം കുറഞ്ഞ ആഭരണങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറിയതായി ജോയ് ആലുക്കാസ് ചൂണ്ടിക്കാട്ടി. ആഗോളതലത്തിലുള്ള യുദ്ധങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും കാരണം സ്വര്‍ണവില ഇനിയും ഉയര്‍ന്നേക്കാം. എങ്കിലും, എക്കാലത്തെയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനുള്ള പ്രിയം കുറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സാമൂഹിക സേവനത്തിന് 100 കോടി

കേരളത്തില്‍ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് ജോയ് ആലുക്കാസ്. 'ജോയ് ഹോംസ്' പദ്ധതിയുടെ ഭാഗമായി ഇതിനോടകം 500 വീടുകള്‍ നിര്‍മ്മിച്ച് നല്‍കി. തൃശൂരില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന വയോജന മന്ദിരമുള്‍പ്പെടെ 100 കോടി രൂപയുടെ ജീവകാരുണ്യ പദ്ധതികളാണ് ഗ്രൂപ്പ് നടപ്പിലാക്കുന്നത്.

350 കോടിയുടെ പുതിയ വിമാനം

ബിസിനസ് ആവശ്യങ്ങള്‍ക്കായി ഫ്രാന്‍സില്‍ നിന്ന് അത്യാധുനിക സൗകര്യങ്ങളുള്ള 'ഡാസോ ഫാല്‍ക്കണ്‍ 2000 എല്‍.എക്‌സ്.എസ്' വിമാനം വാങ്ങാന്‍ കമ്പനി കരാര്‍ നല്‍കിയിട്ടുണ്ട്. ഏകദേശം 350 കോടി രൂപയാണ് ഇതിന്റെ വില. 2027-ല്‍ വിമാനം കൈമാറും. നിലവില്‍ ഒരു സെസ്‌ന ബിസിനസ് ജെറ്റും ഹെലികോപ്റ്ററും ഗ്രൂപ്പിന് സ്വന്തമായുണ്ട്.