വഴിക്കടവ് സംഭവം ​ഗൂഢാലോചന ആണെന്നതിൽ ഉറച്ചു നിൽക്കുന്നുവെന്ന് ആവർത്തിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ.

മലപ്പുറം‌: വഴിക്കടവ് സംഭവം ​ഗൂഢാലോചന ആണെന്നതിൽ ഉറച്ചു നിൽക്കുന്നുവെന്ന് ആവർത്തിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ. അപകടം വരുത്താൻ വൈദ്യുതി കെണി സ്ഥാപിച്ചത് മുതൽ ​ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ മന്ത്രി സർക്കാർ സ്പോൺസേർഡ് കൊലപാതകമെന്ന് യുഡിഎഫ് പറഞ്ഞത് ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്നും ചോദിച്ചു. കെപിസിസി പ്രസിഡൻ്റും അത് തന്നെ പറയുന്നു. എന്ത് തെളിവിൻ്റെ അടിസ്ഥാനത്തിലാണത്? അത് തെറ്റി എന്ന് പറഞ്ഞാൽ ബാക്കി പറയാമെന്നും ശശീന്ദ്രൻ വ്യക്തമാക്കി.

അവർ അങ്ങനെ പറഞ്ഞതിന്റെ യുക്തി എന്താണെന്ന് വെളിപ്പെടുത്തിയാൽ തന്റെ യുക്തി വെളിപ്പെടുത്താം.യുഡിഎഫ് വാർഡ് മെമ്പറും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുമ്പോൾ സ്വാഭാവികമായി സംശയമുണ്ടാകും. അപ്പോൾ തന്നെ പലഭാഗങ്ങളിലും പ്രതിഷേധം വന്നു. ആ സംശയമാണ് താൻ പറഞ്ഞതെന്നും ശശീന്ദ്രൻ വിശദീകരിച്ചു. വനംവകുപ്പുമായി ഒരു ബന്ധവുമില്ലാത്ത കേസിൽ‌ എന്തിനാണ് കുറ്റപ്പെടുത്തുന്നതെന്നും മന്ത്രി ചോദ്യമുന്നയിച്ചു. വഴിക്കടവ് പഞ്ചായത്ത്‌ ഈ കാര്യത്തിൽ എന്ത് നടപടി ആണ്‌ സ്വീകരിച്ചത്? നാളെ നിലമ്പൂരിൽ പോകും. താൻ മാപ്പ് പറയേണ്ടതില്ലെന്നും വനംംമന്ത്രി എകെ ശശീന്ദ്രൻ നിലപാടാവർത്തിച്ചു.

അതേ സമയം ശശീന്ദ്രന്റെ പരാമർശത്തെ രൂക്ഷഭാഷയിൽ വിമർശിച്ചും പ്രതിഷേധിച്ചു കോൺ​ഗ്രസ് നേതാക്കൾ രം​ഗത്തെത്തി. മന്ത്രിയുടേത് വിവരക്കേട് എന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്. മന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇടപെട്ട് എകെ ശശീന്ദ്രനെ തിരുത്തണം. വനംമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നും സണ്ണി ജോസഫ് വിമർശിച്ചു. ആരോപണം മന്ത്രി തെളിയിക്കണമെന്നും കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു.