ആലപ്പുഴ: ആലപ്പുഴയിലെ കൈനകരിയിൽ പ്രളയത്തെ തുടര്‍ന്ന് വീട് തകര്‍ന്നവർ അനിശ്ചിതകാല സത്യഗ്രഹ സമരത്തിലേക്ക്. വീട് പൂർണ്ണമായും തകർന്നിട്ടും ദുരിതാശ്വാസബാധിതരുടെ പട്ടികയിൽ ഇടം നേടാത്തവരാണ് സമരത്തിന് ഒരുങ്ങുന്നത്. ആലപ്പുഴ കലക്ട്രേറ്റിനുമുന്നിൽ കൈനകരി പഞ്ചായത്തംഗം ബി.കെ.വിനോദിന്‍റെ നേതൃത്വത്തിൽ നാളെ രാവിലെ പത്തിന് സമരം തുടങ്ങും.

പ്രളയത്തില്‍ പൂര്‍ണ്ണമായും വീടുകള്‍ തകര്‍ന്നിട്ടും ദുരിതാശ്വാസബാധിതരുടെ പട്ടികയിൽ ഉൾപ്പെടാത്ത നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ആലപ്പുഴയിലുണ്ട്. ഇവരെ ദുരിതാശ്വാസത്തിനുള്ള പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ആലപ്പുഴ ജില്ലാ ഭരണ കൂടത്തിന് ഗുരുതര വീഴ്ച തുടരുകയാണ്.

Also Read: പ്രളയത്തിൽ വീട് തകർന്നവർ ഇപ്പോഴും പെരുവഴിയിൽ; ദുരിതബാധിതർ ഇപ്പോഴും കഴിയുന്നത് ഷെഡ്ഡിൽ

കുട്ടനാട്ടിലെ പുളിങ്കുന്ന്, കൈനകരി പഞ്ചായത്തുകളില്‍ മാത്രം ഇപ്പോഴും ഷെഡ്ഡുകളിലും ബന്ധുവീടുകളിലും കഴിയുന്നത് നൂറിലേറെ കുടുംബങ്ങളാണ്. അടിയന്തര പ്രാധാന്യത്തോടെ ധനസഹായം നല്‍കാന്‍ പ്രളയം കഴിഞ്ഞ് ആറുമാസമായിട്ടും ജില്ലാ ഭരണകൂടത്തിനും പ‍ഞ്ചായത്തുകള്‍ക്കും കഴിഞ്ഞിട്ടില്ല. ആലപ്പുഴയിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണപരമ്പര തുടരുന്നു.

Also Read: പ്രളയബാധിതർ ഇനി എങ്ങോട്ടു പോകും? റീബിൽഡ് കേരള ആപ്പ് പൂട്ടി, പട്ടികയിൽ പെടാത്തവർ പുറത്ത്