Asianet News MalayalamAsianet News Malayalam

മധ്യപ്രദേശിൽ നിന്നുമിതാ മറ്റൊരു സുകുമാരക്കുറുപ്പ്..!!

മൃതദേഹത്തില്‍ നിന്നും കിട്ടിയ പേഴ്‌സിലെ തിരിച്ചറിയൽ രേഖകളിൽ നിന്നും സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ നിന്നുമെല്ലാം അത് നാട്ടിലെ ഒരു ആർഎസ്എസ് പ്രവർത്തകനായ ഹിമ്മത് പാട്ടിദാർ ആണെന്ന സൂചനകളാണ് നാട്ടുകാർക്ക് കിട്ടിയത്. എന്നാല്‍ പിന്നീട് നടന്നത്...

another sukumara kurup like crime in madya pradesh
Author
Bhopal, First Published Jan 29, 2019, 7:08 AM IST

ഭോപ്പാല്‍: കഴിഞ്ഞയാഴ്ച മധ്യപ്രദേശിലെ രത്‌ലം ജില്ലയിൽ നിന്നും, 36 വയസ്സുള്ള ആർഎസ്എസ് പ്രവർത്തകൻ ഹിമ്മത് പാട്ടിദാറിനെ തന്റെ കൃഷിയിടത്തിൽ വധിക്കപ്പെട്ട നിലയിൽ  കണ്ടെത്തിയത് വലിയ കോലാഹലങ്ങൾക്ക് കാരണമായിരുന്നു. ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നു.

മുഖം തിരിച്ചറിയാൻ കഴിയാത്തവിധം വികൃതമായിരുന്നു. പക്ഷേ, ധരിച്ചിരുന്ന വസ്ത്രങ്ങളിൽ നിന്നും, ശരീരത്തിൽ നിന്നും കിട്ടിയ പേഴ്‌സിലെ തിരിച്ചറിയൽ രേഖകളിൽ നിന്നും സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ നിന്നുമെല്ലാം അത് നാട്ടിലെ ഒരു ആർഎസ്എസ് പ്രവർത്തകനായ ഹിമ്മത് പാട്ടിദാർ ആണെന്ന സൂചനകളാണ് നാട്ടുകാർക്ക് കിട്ടിയത്.  പൊലീസ് ഉടനടി ഫോറൻസിക് വിദഗ്ധരുമായി സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

മൃതദേശം പോസ്റ്റുമോർട്ടം നടത്തുന്നതിനായി കൊണ്ടുപോയി. സ്വാഭാവികമായും സംശയം കോൺഗ്രസ്സ് പ്രവർത്തകരുടെ നേർക്ക് നീണ്ടു. ഭരണം കമൽനാഥിന് കിട്ടിയതോടെ അദ്ദേഹം നാട്ടിലെ കോൺഗ്രസുകാരെ തുടലഴിച്ചു വിട്ടിരിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആരോപിച്ചു. ആർഎസ്എസ് പ്രവർത്തകന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ നാട് കണ്ണുനീർ പൊഴിച്ചു. 

ഇനിയാണ് കഥയിലെ വൻ ട്വിസ്റ്റ്..!!  സംഭവം നമ്മുടെ സുകുമാരക്കുറുപ്പിന്റെ മധ്യപ്രദേശ് പതിപ്പാണെന്ന് പൊലീസിന്റെ ബുദ്ധിപൂർവമുള്ള അന്വേഷണത്തിൽ വെളിപ്പെട്ടു. ആകെ കടത്തിലായിരുന്നു പാട്ടിദാർ. ഇരുപതു ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പേരിൽ. അതിൽ കണ്ണുവെച്ചായിരുന്നു ഈ തട്ടിപ്പ് അരങ്ങേറിയത്. 

ജനുവരി 23ന്  പാട്ടിദാരിന്റെ അച്ഛനാണ് മകനെ കൊല്ലപ്പെട്ടനിലയിൽ കണ്ടവിവരം പോലീസ് സ്റ്റേഷനിൽ വിളിച്ചു പറയുന്നത്. ഉടൻ തന്നെ മണം പിടിക്കുന്ന നായ്ക്കളും ഫോറൻസിക് വിദഗ്ധരുമടങ്ങുന്ന പൊലീസ് സംഘം കൃത്യം നടന്ന സ്ഥലത്തെത്തി. ടീമുകളായി തിരിഞ്ഞ് പൊലീസ് വിശദമായ  അന്വേഷണവും തുടങ്ങി.

മൃതദേഹത്തിനരികിൽ നിന്ന് പാട്ടിദാറിന്റെ എടിഎം കാർഡും ആധാർ കാർഡും ബാങ്ക് അക്കൗണ്ട്, ലോൺ, ഇൻഷുറൻസ് രേഖകളടങ്ങിയ ഒരു ഡയറി തുടങ്ങിയവ കണ്ടെടുത്തു. മരിച്ചയാളിന്റെ ഷൂസും ബെൽറ്റും ചോരയിൽ കുളിച്ചനിലയിൽ  ശവത്തിനടുത്തു നിന്ന് തന്നെ കണ്ടെടുത്തു. ബൈക്കും പരിസരത്തുതന്നെ ഉണ്ടായിരുന്നു. 

പൊലീസ് വിശദമായ കേസന്വേഷണത്തിലേക്ക് കടന്നപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽ പെടുന്നത്. സംഭവം നടന്ന അന്ന് മുതൽ പാട്ടിദാറിന്റെ ഫാമിൽ ജോലി ചെയ്തിരുന്ന മദൻ മാളവ്യ എന്ന തൊഴിലാളിയെ കാണാതായിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്തിന് അരക്കിലോമീറ്ററിനുള്ളിൽ ചെളിപുരണ്ട ചില വസ്ത്രങ്ങൾ പൊലീസ് കണ്ടെടുത്തു. അവ മാളവ്യയുടെ കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞു. സ്വാഭാവികമായും സംശയത്തിന്റെ മുൾമുന മാളവ്യയിലേക്ക് നീണ്ടു. 

പക്ഷേ, അപ്പോഴാണ് ഫോറൻസിക് പരിശോധനയ്ക്കിടെ വിചിത്രമായൊരു നിരീക്ഷണം പുറത്തുവരുന്നത്. അന്വേഷണത്തിന്റെ ഗതിയെത്തന്നെ തിരിച്ചുവിടുന്ന ഒരു നിരീക്ഷണം. പാട്ടിദാറിന്റെ മൃതദേശത്തിനടുത്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ നിന്നും കിട്ടിയ ചെളിപുരണ്ട  ഷൂവിന്റെ പ്രിന്റുകൾ മാളവ്യയുടേതിനോട് മാച്ച് ചെയ്യുന്നവയായിരുന്നു.

പൊലീസ് അടുത്തതായി പാട്ടിദാറിന്റെ മൊബൈൽ റെക്കോർഡുകൾ പരിശോധിച്ചു. സംഭവദിവസം പുലർച്ചെ 4.30ന് ആ ഫോൺ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അതിലെ സകല വിവരങ്ങളും ഡിലീറ്റ് ചെയ്യപ്പെട്ട അവസ്ഥയിലായിരുന്നു. 

തുടരന്വേഷണത്തിൽ, എന്നും രാത്രി പാടത്ത് പമ്പ്  പ്രവർത്തിപ്പിക്കാൻ ചെല്ലാറുണ്ടായിരുന്ന പാട്ടിദാർ അന്നുരാത്രിയിൽ പമ്പ് പ്രവർത്തിപ്പിച്ചിട്ടുണ്ടായിരുന്നില്ല എന്ന് പൊലീസിന്  മനസ്സിലായി. മാത്രമല്ല, വയലിൽ മൃതദേഹത്തിനരികിൽ നിന്നും കണ്ടെടുത്ത ഡയറിയിലെ വിവരങ്ങൾ പലതും കുടുംബത്തിന് ഗുണകരമായ രീതിയിൽ എഴുതപ്പെട്ടവയായിരുന്നു. 

പൊലീസിന് ആകെ എന്തൊക്കെയോ പന്തികേടുകൾ തോന്നിത്തുടങ്ങി. അതിനിടയിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നു. ആദ്യം ശ്വാസം മുട്ടിച്ചു. പിന്നെ മൂർച്ചയേറിയ എന്തോ ഒരു ആയുധം കൊണ്ട് കഴുത്തിനേൽപ്പിച്ച ആഴത്തിലുള്ള മുറിവാണ് മരണകാരണം. മരണശേഷം മുഖം തിരിച്ചറിയാതിരിക്കാൻ മനഃപൂർവം കത്തിച്ചു വികൃതമാക്കിയിരിക്കുന്നു. 

അടുത്തുനടന്ന സംഭവം കേസിൽ വഴിത്തിരിവായി. മാളവ്യയുടെ കുടുംബാംഗങ്ങൾ ആ മൃതദേഹത്തിലെ അടിവസ്ത്രം തിരിച്ചറിഞ്ഞു.  മൃതദേഹം പാട്ടിദാറിന്റെതല്ല എന്ന് പൊലീസിനെ ഏറെക്കുറെ ഉറപ്പായി. മുടിയും മറ്റു സാമ്പിളുകളും ശേഖരിച്ച്  ഡിഎൻഎ ടെസ്റ്റിനയച്ചു. ഫലം വന്നു. മരിച്ചത് മാളവ്യ തന്നെ എന്ന് വ്യക്തമായി.

ഇനി ബാക്കിയുണ്ടായിരുന്ന ഒരേയൊരു കാര്യം, മോട്ടിവ് ആയിരുന്നു. കൊലയ്ക്കു പിന്നിലെ കാരണം..? പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാട്ടിദാർ 2017  ഡിസംബർ 17ന് സ്വന്തം പേരിൽ 20 ലക്ഷത്തിന്റെ ഒരു ലൈഫ് ഇൻഷുറൻസ് പോളിസി എടുത്തിരുന്നതായി തെളിഞ്ഞു.

പാട്ടിദാറിന് പത്തുലക്ഷം രൂപ കടമുണ്ടായിരുന്നു എന്നും അന്വേഷണത്തിൽ വ്യക്തമായി. ആ കടം വീട്ടാൻ വേണ്ടിയാണ് പാട്ടിദാർ ഇങ്ങനെ ഒരു സാഹസത്തിന് മുതിർന്നത് എന്ന സംശയത്തിലാണ് പൊലീസ്. ഹിമ്മത് പാട്ടിദാർ ഇപ്പോഴും ഒളിവിലാണ്. പൊലീസ് അദ്ദേഹത്തിനായുള്ള തിരച്ചിൽ അയ്യല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചുകഴിഞ്ഞു.

രാഷ്ട്രീയ കൊലപാതകം എന്ന് വ്യാഖ്യാനിക്കപ്പെട്ട് ഒരു സാമുദായിക ലഹളയിലേക്കുപോലും നീണ്ടേക്കാവുന്ന ഒരു ക്രൂരമായ കൊലപാതകത്തിനാണ് പൊലീസിന്റെ ബുദ്ധിപൂർവമായ ഇടപെടൽ കൊണ്ട് തുമ്പുണ്ടായിരിക്കുന്നത്. പൊലീസുകാർ പണ്ടുമുതലേ പറയുന്നത് പോലെ, " ഏതൊരു വിദഗ്ധനായ കുറ്റവാളിയും, ഒരു തുമ്പ് അന്വേഷകർക്കായി മറന്നിട്ടുപോവും.. "

കെട്ടിപ്പൊക്കിയുണ്ടാക്കിയ കൊലപാതകകഥയെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നുവീണു.. പക്ഷേ, മധ്യപ്രദേശിലെ 'സുകുമാരക്കുറുപ്പ്' ഇപ്പോൾ എവിടെയാണ്..?  ഹിമ്മത് പാട്ടിദാറിനെ കണ്ടെത്താൻ പൊലീസിനാവുമോ..? അതോ സുകുമാരക്കുറുപ്പിനെപ്പോലെ അതും  സമസ്യയായി തുടരുമോ..? കാത്തിരുന്നു തന്നെ കാണാം..!!

Follow Us:
Download App:
  • android
  • ios