ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രശസ്ത ആശുപത്രിയായ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിന്റെ കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ലൈസന്‍സിന് മൂന്നുമാസം വിലക്കേര്‍പ്പെടുത്തി. ഡല്‍ഹി സര്‍ക്കാറിന്റെതാണ് നടപടി. വൃക്ക മാറ്റിവെക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഡല്‍ഹി പോലീസ് ആശുപത്രിയിലെ നെഫ്‌റോളജി ഡോക്റ്റര്‍മാരുടെ രണ്ട് പേഴ്‌സണ്‍ സെക്രട്ടറിമാരടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. 

ഒരു മാസം 15 -20 ഓളം വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ അപ്പോളയില്‍ ചെയ്യുന്നുണ്ട്. പോലീസ് അന്വേഷണത്തില്‍ അപ്പോളോ ഹോസ്പിറ്റലില്‍ വൃക്ക മാറ്റിവെക്കലിനായി ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇടനിലക്കാര്‍ പണം വാഗ്ദാനം ചെയ്താണ് ശസ്ത്രക്രിയക്കാവശ്യമായ വൃക്ക ദാതാക്കളെ കണ്ടെത്തുന്നത്. ഏതാണ് 3 -4 ലക്ഷം വരെ ദാതാക്കള്‍ക്ക് കൊടുക്കും. ഡോക്റ്റമാരുടെ പേഴ്‌സണല്‍ സെക്രട്ടറിമാരടക്കം നിരവധി ഇടനിലക്കാര്‍ ഉണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. ഒരു വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ഏതാണ്ട് 50 ലക്ഷത്തോളം രൂപ ചെലവ് വരും. 

ഇന്ത്യയില്‍ ഏതാണ്ട് നാല് ലക്ഷത്തോളം രോഗികള്‍ പേര്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നുണ്ട്. ഇതില്‍ ഏതാണ്ട് 8000 പേര്‍ക്കു മാത്രമാണ് വൃക്ക ദാതാക്കള്‍ ഉള്ളൂ. ഈ അന്തരം മുതലെടുത്താണ് ഇടനിലക്കാര്‍ സാധാരണക്കാരായ വ്യക്തികളെ സമീപിച്ച് പണം വാഗ്ദാനം ചെയ്യുന്നത്. 

എന്നാല്‍ വൃക്ക മാഫിയയുമായി ഹോസ്പിറ്റലിന് നേരിട്ട് യാതൊരു ബന്ധവുമില്ലെന്നും ഹോസ്പിറ്റല്‍ ഈ റാക്കറ്റിന്റെ ഇരയായതാണെന്നും അപ്പോളോ ഹോസ്പിറ്റല്‍ പത്രക്കുറിപ്പില്‍ അവകാശപ്പെട്ടു.