മനസ്സും ശരീരവും അല്ലാഹുവിനു സമര്‍പ്പിച്ച് ഇന്നത്തെ ദിവസം മുഴുവന്‍ പാപമോചനത്തിനായുള്ള പ്രാര്‍ത്ഥനയിലും മറ്റു ആരാധനാ കര്‍മങ്ങളിലുമായിരുന്നു ഹജ്ജ് തീര്‍ഥാടകര്‍. അറഫയിലെ തമ്പുകള്‍ക്കുള്ളിലും പുറത്തും ഒറ്റയ്ക്കും കൂട്ടമായും തീര്‍ഥാടക ലക്ഷങ്ങള്‍ വൈകുന്നേരം വരെ പ്രാര്‍ത്ഥനകളില്‍ മുഴുകി. ജബല്‍ റഹ്മാ മലയും നമിറാ പള്ളിയുമെല്ലാം തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. അറഫയില്‍ നടന്ന നിസ്‌കാരത്തിനും ഖുതുബക്കും ഹറംകാര്യവിഭാഗം മേധാവി ഷെയ്ഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസ് നേതൃത്വം നല്‍കി. തുടര്‍ച്ചയായി കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷം പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് ആല് ഷെയ്ഖ് ഹജ്ജ് നിര്‍വഹിക്കുന്നുണ്ടെങ്കിലും ആരോഗ്യ കാരണങ്ങളാല്‍ ഇത്തവണ നേതൃത്വം നല്‍കാന്‍ സാധിച്ചില്ല. ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരെല്ലാം രാവിലെ പത്തു മണിയോടെ അറഫയില്‍ എത്തിയിരുന്നു. ഇന്ത്യന്‍ ഹജ്ജ് മിഷന്റെ ആംബുലന്‍സുകളില്‍ മാത്രം ആശുപത്രിയിലായിരുന്ന എണ്‍പതോളം ഇന്ത്യന്‍ തീര്‍ഥാടകരെ അറഫയില്‍ എത്തിച്ചു. ഇതിനു പുറമെ പല ഇന്ത്യക്കാരെയും സൗദി റെഡ് ക്രസന്റും അറഫയില്‍ എത്തിച്ചിട്ടുണ്ട്. അവശരായ തീര്‍ഥാടകരെ അറഫയില്‍ എത്തിക്കുന്നതില്‍ ഇന്ത്യയില്‍ നിന്നുള്ള സന്നദ്ധ സംഘടനകളുടെ സേവനം സഹായകരമായി. സൂര്യന്‍ അസ്തമിച്ചതോടെ ഹജ്ജ് തീര്‍ഥാടകര്‍ പതിമൂന്ന് കിലോമീറ്റര്‍ അകലെയുള്ള മുസ്ദലിഫയിലേക്ക് നീങ്ങി. മിനായിലും അരഫയിലും ഉള്ളത് പോലെ മുസ്ദലിഫയില്‍ തമ്പുകളില്ല. ഇവിടെ തുറന്ന മൈതാനത്ത് കഴിയുന്ന തീര്‍ഥാടകര്‍ നാളെ മുതല്‍ മിനായിലെ ജമ്രകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിക്കും. മിനായില്‍ താമസിക്കുന്ന ദിവസത്തിനനുസരിച്ച് എഴു മുതല്‍ എഴുപത് കല്ലുകള്‍ വരെയാണ് ശേഖരിക്കുന്നത്. മുസ്ദലിഫയിലെ മഷ്ഹറുല്‍ ഹറാം പള്ളിയും പരിസരവും തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞു. അതേസമയം ഗതാഗത തടസ്സം ഒഴിവാക്കാന്‍ പല തീര്‍ഥാടകാരും കല്ലുകള്‍ ശേഖരിച്ച് രാത്രി തന്നെ മിനായിലേക്ക് തിരിക്കും.