ലോകകപ്പിനായി കടുത്ത പരിശീലനത്തിലാണ് മെസി

മോസ്കോ: ലോകകപ്പില്‍ തന്‍റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ മെസിക്ക് വേണ്ടി എന്തും ചെയ്യാന്‍ ടീം ഒന്നടങ്കം തയാറാണെന്ന് അര്‍ജന്‍റീനയുടെ ഗോള്‍കീപ്പര്‍ നഹൗല്‍ ഗുസ്മാന്‍. ടീമിന്‍റെ മികച്ച പ്രകടനത്തിനായി കടുത്ത പരിശീലനത്തിലാണ് എല്ലാവരും. ലിയോണല്‍ മെസിക്കൊപ്പം പരിശീലനം നടത്താന്‍ സാധിച്ചതിന്‍റെ അനുഭവപരിചയം ഏറെ അഭിമാനകരമാണ്. ലിയോയ്ക്ക് തിളങ്ങാനുള്ള എല്ലാ സാഹചര്യവും റഷ്യയിലുണ്ടെന്നും പരിക്കേറ്റ സെര്‍ജിയോ റൊമേറോയ്ക്ക് പകരക്കാരനായി ടീമിലെത്തിയ ഗുസ്മാന്‍ പറഞ്ഞു.

മെസി മികച്ച രീതിയില്‍ പരിശീലനം നടത്തുന്നുണ്ടെന്ന് അര്‍ജന്‍റീനയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ വില്ലി കാബല്ലെറോ പറഞ്ഞു. മെസി ഫോമായാല്‍ ഞങ്ങള്‍ക്ക് മറ്റൊന്നും നോക്കാനില്ലെന്നും വില്ലി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ലോകകപ്പില്‍ കലാശ പോരാട്ടത്തില്‍ ജര്‍മനിയോട് കീഴടങ്ങാനായിരുന്നു അര്‍ജന്‍റീനയുടെ വിധി. ടൂര്‍ണമെന്‍റില്‍ ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചു. ഗ്രൂപ്പ് ഡി'യില്‍ ശനിയാഴ്ച ഐസ്‍ലാന്‍റിനെതിരെയാണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം.