ദില്ലി: കര-നാവിക-വ്യോമസേനകളിലായി 60,000 ആളുകളുടെ കുറവുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതില്‍ കരസേനയില്‍ മാത്രം 27,000 പേരുടെ കുറവുണ്ടെന്നും കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

മൂന്ന് സേനാവിഭാഗങ്ങളിലുമായി 9259 ഓഫീസര്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. അതിനു താഴെയുള്ള പദവികളിലായി അരലക്ഷം പേരുടെ ഒഴിവാണുള്ളത്. ജൂലൈ ഒന്നിലെ കണക്കനുസരിച്ച് 12.64 ലക്ഷം പേര്‍ വേണ്ട കരസേനയില്‍ 12.37 ലക്ഷം പേരാണുള്ളത്. 67,228 ആണ് നാവികസേനയുടെ അംഗബലം.16,255 പേരുടെ കുറവാണ് നാവികസേന നേരിടുന്നത്. 1.55 ലക്ഷം പേര്‍ വേണ്ട ഇന്ത്യന്‍ വ്യോമസേനയില്‍ 1.40 ലക്ഷം പേരാണുള്ളത്. 15,503 പേരുടെ കുറവാണ് വ്യോമസേനയ്ക്കുള്ളത്.