1973ല്‍ ക്രൈഫ് ബാഴ്‌സലോണയിലേക്കു മാറിയത് അന്നത്തെ റെക്കോഡ് പ്രതിഫലത്തിനായിരുന്നു.

ഫുട്ബോള് ഒരു സംഗീതശില്പ്പമാണെങ്കില് അതിന്റെ മൊസാര്ട്ടാണ് യൊഹാന് ക്രൈഫ്. ഫുട്ബോള് ഒരു കലാസൃഷ്ടിയാണെങ്കില് അതിന്റെ വാന്ഗോഗ്. ഫുട്ബോള് ഗണിതശാസ്ത്രമാണെങ്കില് അതിന്റെ പൈതഗോറസ്. ക്രൈഫിനെ ബൂട്ടണിഞ്ഞ പൈതഗോറസ് എന്നു വിശേഷിപ്പിച്ചത് ടൈംസ് ദിനപത്രത്തിന്റെ കളിയെഴുത്തുകാരന് ഡേവിഡ് മില്ലറാണ്. പാസുകളുടെ കണിശത, സ്ഥലകാലങ്ങളെപ്പറ്റിയുള്ള കൃത്യമായ ബോധ്യം, അതാണ് ഫുട്ബോളിലെ ക്രൈഫ് മുദ്ര. 1973ല് ബാഴ്സലോണയില് കളിക്കുമ്പോള് അത്ലറ്റിക്കോ മാ!ഡ്രിഡിനെതിരെ നേടിയ ഫാന്റം ഗോള്, അഥവാ പ്രേതഗോള് ഇതാ.
സെക്കന്ഡിന്റെ നൂറിലൊരംശത്തിന്റെ കൃത്യത, ആ കൃത്യതയില്ലെങ്കില് ആ ഗോള് ഇല്ല. ക്രൈഫിന്റെ ആത്മകഥയുടെ പേരുതന്നെ മൈ ടേണ് എന്നാണ്, എന്റെ തിരിവ്. 1974ല് ലോകകപ്പില് സ്വീഡനെതിരെയുള്ള മത്സരത്തിലാണ്, ക്രൈഫ് സ്വീഡന് പ്രതിരോധനിരയിലെ കളിക്കാരനെ വെട്ടിച്ചുകൊണ്ട്, ഒരു തിരിവുതിരിഞ്ഞത്. ആ തിരിവിന്റെ വോഗത്തിനും സാങ്കേതിക മികവിനും പിന്നീട് ഒരുപാട് അനുകര്ത്താക്കളുണ്ടായി, മെസി വരെ നീളുന്ന നീണ്ട നിര.

ആംസ്റ്റര്ഡാമിലെ ഒരു സാധാരണ കുടുംബത്തില് ജനിച്ച ക്രൈഫ്, കുട്ടിക്കാലം തൊട്ടേ ഫുട്ബോളിനോട് ഇഴുകിച്ചേര്ന്നു. ക്രൈഫ് താമസിച്ചിരുന്ന വീടിനു തൊട്ടടുത്തായിരുന്നു പ്രസിദ്ധമായ അയാക്സ് സ്റ്റേഡിയം. അയാക്സില് കളികണ്ടും പന്തെടുത്തുകൊടുത്തും വളര്ന്ന ക്രൈഫ്, കാണെക്കാണെ അയാക്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോള് കളിക്കാരനായി മാറി. അയാക്സ് ലോകഫുട്ബോളിന് ഒരു വെളിപാട് പ്രദാനം ചെയ്തു. അയാക്സില് ക്രൈഫിന്റെ കോച്ച് റിനസ് മിഹല്സ് 'ടോട്ടല് ഫുട്ബോള്' എന്ന കേളീശൈലി രൂപപ്പെടുത്തി. മിഹല്സായിരുന്നു അതിന്റെ സ്നാപകയോഹന്നാന്, ക്രൈഫ് യേശുവും. ഒരാള് പതിനൊന്നു കളിക്കാരും, പതിനൊന്നു കളിക്കാര് ഒരാളുമാകുന്ന അവസ്ഥ. സംഘടിതമായ അസംഘടിതാവസ്ഥ. എല്ലാവരും ആക്രമിച്ചു, എല്ലാവരും പ്രതിരോധിച്ചു. എല്ലാവരും മുന്നേറി, എല്ലാവരും പിന്വാങ്ങി. എതിരാളികള് ഇരുട്ടില്തപ്പി, തമ്മില് പലപ്പോഴും കൂട്ടിമുട്ടി.

വിസ്മൃതിയിലായിരുന്ന അയാക്സ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോള് ക്ലബ്ബായി മാറി. യൂറോപ്യന് കപ്പ് അയാക്സിന്റെ കുത്തകയായി മാറി. 1973ല് ക്രൈഫ് ബാഴ്സലോണയിലേക്കു മാറിയത് അന്നത്തെ റെക്കോഡ് പ്രതിഫലത്തിനായിരുന്നു. ക്രൈഫ് ഒരേയൊരു ലോകകപ്പ് മാത്രമേ കളിച്ചിട്ടുള്ളൂ. 1974ലെ ലോകകപ്പ്. ലോകകപ്പിനും അതീതനായ കളിക്കാരനായി മാറിയിരുന്നു അപ്പോഴേക്കും ക്രൈഫ്. ക്രൈഫും ക്രൈഫിന്റെ ടോട്ടല് ഫുട്ബോളും ജൈത്രയാത്രയിലായിരുന്നു. കിഴക്കന് ജര്മനിയെയും അര്ജന്റീനയെയും ബ്രസീലിനെയും കീഴടക്കാനായിരുന്നു ആ ജൈത്രയാത്ര. അര്ജന്റീനക്കെതിരെ ക്രൈഫ് രണ്ടു ഗോള് നേടി. ക്രൈഫിനു മാത്രം സാധ്യമാകുന്ന തികവുറ്റ ഗോളുകള്. അന്നത്തെ നിലവിലെ ചാമ്പ്യന്മാരായിരുന്ന ബ്രസീലിനെയും ക്രൈഫ് തളച്ചു.
പശ്ചിമ ജര്മ്മനിയും ഹോളണ്ടും തമ്മിലുള്ള ഫൈനല്, ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫൈനലായി കണക്കാക്കപ്പെടുന്നു. ക്രൈഫും ബെക്കന് ബോവറും, ഫുട്ബോളിലെ രാജകുമാരനും ചക്രവര്ത്തിയും തമ്മിലുള്ള അന്തിമയുദ്ധം. ഹോളണ്ട് ടോട്ടല് ഫുട്ബോള് തുടങ്ങി. പന്ത് ക്രൈഫിലേക്കെത്തും മുമ്പ് പതിനഞ്ചു പാസുകള്. ജര്മ്മനിക്ക് പന്ത് തൊടാന് കിട്ടിയില്ല. പെനാല്ട്ടി ഏരിയയില് പന്തുമായി മുന്നേറിയ ക്രൈഫിനെ ജര്മ്മന് പ്രതിരോധനിരയിലെ ഹോനെസ് വീഴ്ത്തി. പെനാല്ട്ടി.

രണ്ടാം മിനുട്ടില് ഹോളണ്ട് ഒരു ഗോളിനു മുന്നില്. ആ ഞെട്ടലില് നിന്നു മോചിതനാകാന് സമയമെടുത്തെങ്കിലും ആദ്യ പകുതി തീരും മുമ്പ് ജര്മ്മനിക്കും കിട്ടി ഒരു പെനാല്ട്ടി കിക്ക്. പോള് ബ്രെറ്റ്ര്നര് വലകുലുക്കി. നാല്പ്പത്തിമൂന്നാം മിനുട്ടില് ബോംബര് മുള്ളര് എന്നു പേരുകേട്ട ഗെര്ഡ് മുള്ളര് അവസാന വിധിയെഴുതി. മുള്ളറുടെ പതിനാലാമത്തെയും അവസാനത്തെയും ലോകകപ്പ് ഗോള്. ജര്മ്മനി ഒന്നിനെതിരെ രണ്ടു ഗോളുകള്ക്ക് കിരീടം ചൂടി. കിരീടമുയത്തിയതിന് ശേഷം ബെക്കന് ബോവര് മാധ്യമങ്ങളോട് പറഞ്ഞു. 'ക്രൈഫാണ് എന്നെക്കാളും മികച്ച കളിക്കാരന്, പക്ഷേ ലോകകപ്പ് കയ്യിലുയര്ത്താന് ഭാഗ്യമുണ്ടായത് എനിക്കാണെന്നു മാത്രം.'

1978 ലോകകപ്പില് ക്രൈഫ് കളിച്ചില്ല. യോഗ്യതാ മത്സരത്തില് ഹോളണ്ടിന്റെ പ്രവേശം ഒരുക്കിയതിനു ശേഷം, ക്രൈഫ് അന്തര്ദേശീയ ഫുട്ബോളില് നിന്നു വിരമിച്ചു. അതിനുള്ള കാരണം പില്ക്കാലത്ത് ക്രൈഫ് ആത്മകഥയിലാണ് വെളിപ്പെടുത്തിയത്. സ്വേച്ഛാധിപത്യത്തിനു കീഴിലായിരുന്ന അര്ജന്റീനയില്, ബാഴ്സലോണയുടെ കോച്ചായിരുന്നപ്പോള് തന്നെയും കുടുംബത്തെയും തട്ടിക്കൊണ്ടുപോകാന് ശ്രമം നടന്നിരുന്നു. ആ അനുഭവം ക്രൈഫിന്റെ മനസില് ഉണങ്ങാത്ത മുറിവായിരുന്നു. 'ലോകകപ്പില് കളിക്കണമെങ്കില് 200% മാനസികമായി സജ്ജമാകേണ്ടതുണ്ട്. പക്ഷേ ജീവിതത്തില് അതിനേക്കാള് വിലപ്പെട്ട മൂല്യങ്ങളുണ്ട്. ക്രൈഫ് ഒരിക്കലും തലകുനിച്ചില്ല, കളിക്കളത്തിലും ജീവിതത്തിലും. 2016 മാര്ച്ച് 24ന് ക്രൈഫ് ഓര്മ്മയായി.

