രാവിലെ 12 മണി മുതൽ ആശാ വര്‍ക്കര്‍മാര്‍ ക്ലിഫ് ഹൗസിന് മുന്നിൽ പ്രതിഷേധം നടത്തുകയാണ്. പ്രതിഷേധ മാർച്ചിൽ പാട്ടകൊട്ടിയാണ് പ്രതിഷേധക്കാര്‍ സമരം നടത്തിയത്.  

തിരുവനന്തപുരം: ഓണറേറിയം വര്‍ധന അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശ പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേയ്ക്ക് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. മൈക്ക് സെറ്റും സ്പീക്കറും കസ്റ്റഡിയിലെടുത്ത് മാറ്റിയ പൊലീസ് ജീപ്പ് സമരക്കാര്‍ തടഞ്ഞു. സംഘര്‍ഷത്തിൽ സമരസമിതി നേതാക്കള്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥയ്ക്കും പരിക്കേറ്റു. ക്ലിഫ് ഹൗസിലേയ്ക്കുള്ള വഴിയിൽ തുടരുന്ന സമരക്കാരെ കസ്റ്റഡിലെടുത്ത് നീക്കി. സെക്രട്ടേറിയറ്റിന് മുന്നിൽ 256 ദിവസമായി സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകരാണ് രാവിലെ ക്ലിഫ് ഹൗസിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. ബാരിക്കേഡിന് മുന്നിൽ പ്രതിഷേധക്കാര്‍ കയറിയതോടെ പൊലീസ് മൂന്നു വട്ടം ജല പീരങ്കി പ്രയോഗിച്ചു.

ബാരിക്കേഡ് മറികടന്ന ഒരാളെ കസ്റ്റഡിയിലെടുത്തു. എന്നിട്ടും പിരിഞ്ഞുപോകാതെ ബാരിക്കേഡിൽ ബാനര്‍ കെട്ടി ക്ലിഫ് ഹൗസിലേയ്ക്കുള്ള റോഡിൽ സമരക്കാര്‍ നിലയുറപ്പിച്ചു. വൈകീട്ടോടെ പാട്ട കൊട്ടി സമരം തുടങ്ങിയതോടെ മൈക്ക് സെറ്റും സ്പീക്കറും പൊലീസ് പിടിച്ചെടുത്തു. ഇത് കൊണ്ടു പോയ ജീപ്പ് സമരക്കാര്‍ തടഞ്ഞു. പ്രതിഷേധക്കാരെ നീക്കാനുള്ള ശ്രമത്തിനിടെയുണ്ടായ പിടിവലിയിലാണ് സമരക്കാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥയ്ക്കും പരിക്കേറ്റത്. എംഎ ബിന്ദു, എസ് മിനി തുടങ്ങി എട്ട് സമര സമിതി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നന്ദാവനം പൊലാീസ് ക്യാംപിലേയ്ക്ക് മാറ്റി. പൊലീസ് ലാത്തി കൊണ്ട് കുത്തുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തെന്ന ആശപ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് സമരസമിതി അറിയിച്ചു

ആശമാരുടെ മാർച്ചിൽ വീണ്ടും സംഘർഷം;പ്രതിഷേധക്കാരുടെ മൈക്കും സ്പീക്കറും പിടിച്ചെടുത്ത് പൊലീസ്