ദമ്പതികളുടെ ആത്മഹത്യാ കേസ് വഴിത്തിരിവില്‍ മര്‍ദ്ദനമേറ്റ ചതവില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസ് മര്‍ദ്ദിച്ചുവെന്നായിരുന്നു ആത്മഹത്യാകുറിപ്പ്

കോട്ടയം:ചങ്ങനാശേരിയിൽ പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ ആത്മഹത്യ ചെയ്ത ദമ്പതിമാരുടെ ശരീരത്തിൽ
മർദ്ദനമേറ്റ ചതവില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരിച്ച സുനിൽ കുമാറിന് പൊലീസ് മർദ്ദനം ഏറ്റിട്ടില്ലെന്ന് ദൃക്സാക്ഷി രാകേഷ് പൊലീസിന് മൊഴി നൽകി. മോഷണക്കുറ്റത്തിന് ചങ്ങനാശേരി പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ ബുധനാഴ്ച്ചയാണ് സുനിൽ കുമാറും രേഷ്മയും വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. 

പൊലീസ് മർദ്ദിച്ചുവെന്നായിരുന്നു ആത്മഹത്യാ കുറിപ്പ്. എന്നാൽ ഇതിന് വിരുദ്ധമായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ചതവില്ല. ഇരുവരുടെയും കക്ഷത്തിന്‍റെ ഭാഗത്ത് പാടുണ്ട്. ഇത് എടുത്തുയർത്തിയപ്പോൾ ഉണ്ടായ പാടുകളാണെന്നാണ് നിഗമനം. അതിനിടെ സുനിൽകുമാറിനൊപ്പം പൊലീസ് ചോദ്യം ചെയ്ത രാകേഷ് പൊലീസ് മർദ്ദനമുണ്ടായിട്ടില്ലെന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകി. ചോദ്യം ചെയ്യലിന് ശേഷം സുനിൽകുമാറുമായി സംസാരിച്ചപ്പോഴും മർദ്ദനമേറ്റ വിവരം സുനിൽകുമാർ പറഞ്ഞില്ലെന്നും ദൃക്സാക്ഷിയുടെ മൊഴിയിലുണ്ട്. ഇയാളുടെ വിശദമായ മൊഴി പൊലീസ് വീണ്ടുമെടുക്കും.

പരാതിക്കാരനായ സജി കുമാറിന്‍റെ മൊഴിയും പൊലീസ് എടുക്കും. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ നിന്ന് കിട്ടിയ സിസിടിവിയിലും മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. അതിനിടെ പൊലീസ് വീഴ്ച്ചയിൽ പ്രതിഷേധിച്ച് കോള ആർട്ടിസൻ കോൺഗ്രസ് ചങ്ങനാശേരി പൊലീസ് സ്റ്റേറ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.