ഇടുക്കിയിലെ കുമളിക്കടുത്തുള്ള മന്നാക്കുടിയിൽ നിന്നും ആദിവാസികളിലൊരാളെ കാണാതായി അൻപത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല.
ഇടുക്കി: ഇടുക്കിയിലെ കുമളിക്കടുത്തുള്ള മന്നാക്കുടിയിൽ നിന്നും ആദിവാസികളിലൊരാളെ കാണാതായി അൻപത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. മന്നാക്കുടി സ്വദേശി അയ്യപ്പനെയാണ് കാണാതായത്. പോലീസ് അന്വേഷണവും നിലച്ചതോടെ അയ്യപ്പന് എന്തു സംഭവിച്ചുവെന്നറിയാതെ വിഷമിക്കുകയാണ് കുടുംബം. അന്വേഷണം ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി എസ് പി ക്ക് കത്തു നൽകിയതായി പീരുമേട് എംഎൽഎ വാഴൂർ സോമൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മെയ് പന്ത്രണ്ടാം തീയതിയാണ് സംഭവം. സഹോദരിയുടെ മകളുടെ വീട്ടിൽ മറന്നു വച്ച മൊബൈൽ ഫോൺ എടുക്കാനായി ഭാര്യയുടെ കയ്യിൽ നിന്നും 30 രൂപയും വാങ്ങി പോയതാണ് നാൽപ്പത്തിയെട്ടുകാരനായ അയ്യപ്പൻ. വൈകുന്നേരമായിട്ടും കാണാതായതോടെ സഹോദരിയുടെ മകളെ വിളിച്ച് അന്വേഷിച്ചു. അപ്പോൾ തന്റെ ഭർത്താവിനൊപ്പം തിരികെ വന്നിട്ടുണ്ടെന്നറിയിച്ചു. എന്നാൽ പുലർച്ചെ വരെ കാത്തെങ്കിലും കണ്ടില്ല. പിറ്റേ ദിവിസം രാവിലെ സഹോദരിയുടെ മകളുടെ ഭർത്താവിലെ ബന്ധപ്പെട്ടെങ്കിലും തനിക്കൊപ്പം വന്നില്ലെന്നായിരുന്നു മറുപടി.
വൈകുന്നേരമായിട്ടും കാണാതെ വന്നതോടെ കുമളി പോലീസിൽ പരാതി നൽകി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം വീട്ടിൽ അന്വേഷിച്ചു. വനത്തിൽ പോകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം വനംവകുപ്പിന്റെ സഹായത്തോടെ തെരച്ചിൽ നടത്തി. പോലീസ് നായയെ എത്തിച്ച് രണ്ടു വീടുകളിലും പരിശോധന നടത്തി. മൊബൈൽ ഫോൺ കയ്യിലില്ലാത്തതിനാൽ അന്വേഷണം വഴിമുട്ടി. കാണാതായതിന്റെ രണ്ടു ദിവസം മുൻപ് സഹോദരിയുടെ മകളുമായി വഴക്കുണ്ടായിരുന്നു. സംഭവം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതോടെ വാഴൂർ സോമൻ എംഎൽഎ ഇടപെട്ടു. അയ്യപ്പൻ ജീവനോടെ തിരിച്ചു വരുമെന്ന വിശ്വാസത്തിലാണ് ഭാര്യയും മകനുമിപ്പോൾ ജീവിക്കുന്നത്.



