തിരുവനന്തപുരം: ബാര്‍‍ കോഴക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം. അന്വേഷണത്തിന്‍റെ അവസ്ഥയെന്തെന്നും പുതിയ തെളിവുകള്‍ കണ്ടെത്തിയത് എന്തൊക്കെയാണെന്നും വ്യക്തമാക്കി രണ്ടാഴ്ചക്കുളളില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍‍ട്ട് സമര്‍പ്പിക്കണം , അല്ലെങ്കില്‍ കേസ് തീര്‍പ്പാക്കണ്ടിവരുമെന്നും കോടതി പറഞ്ഞു. ബാര്‍ കോഴക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ എം മാണി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

ബാര്‍ കോഴക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ എം മാണി സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുളളത്. വിജിലന്‍ലസിനോട് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പല തവണ ആവശ്യപ്പെട്ടിരുന്നു. എന്താണ് പുതിയ തെളിവുകളെന്നും എന്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും ആരാ‌ഞ്ഞിരുന്നു. ഓണവധിക്കുശേഷം കെ എം മാണിയുടെ ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോഴാണ് വീണ്ടും റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അന്വേഷണത്തിന്‍റെ അവസ്ഥയെന്തെന്നും പുതിയ തെളിവുകള്‍ കണ്ടെത്തിയത് എന്തൊക്കെയാണെന്നും വ്യക്തമാക്കി രണ്ടാഴ്ചക്കുളളില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍‍ട്ട് സമര്‍പ്പിക്കണം അല്ലെങ്കില്‍ കേസ് തീര്‍പ്പാക്കണ്ടിവരുമെന്നും സിംഗിള്‍ ബെഞ്ച് പരാമര്‍ശിച്ചു. കെ എം മാണിക്കെതിരെ തെളിവില്ല എന്ന പേരില്‍ നേരത്തെ രണ്ടു തവണ വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് തളളിയ വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് നി‍ര്‍ദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്തായിരുന്നു കെ എം മാണി ഹൈക്കോടതിയെ സമീപിച്ചത്.