ബംഗളുരു: ഗതാഗതക്കുരുക്കും മലീനീകരണവും സൂക്ഷിച്ച് നടന്നില്ലെങ്കില്‍ കുഴിയില്‍ വീഴ്ത്തുന്ന നടപ്പാതകളുമൊക്കെയാണ് ബംഗളുരുവില്‍ താമസിക്കുന്ന ഏതൊരാളെയും കുഴയ്‌ക്കുന്ന കാര്യങ്ങള്‍. ഇതിനൊക്കെ പുറമെ ഈ മാസം മുഴുവന്‍ പകല്‍ വൈദ്യുതിയുണ്ടാവില്ലെന്ന പുതിയൊരും 'പണി' കൂടി കിട്ടിയിരിക്കുകയാണ് രാജ്യത്തെ ഐ.ടി നഗരത്തിന്. ജനുവരി അവസാനം വരെ പകല്‍ പത്തിനും വൈകുന്നേരം ആറ് മണിക്കും ഇടയ്‌ക്ക് പവര്‍കട്ടുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ബംഗളുരു ഇലക്ട്രിക് സപ്ലൈ കോര്‍പറേഷന്‍ അറിയിക്കുകയായിരുന്നു.
നഗരത്തിലെ വൈദ്യുത വിതരണ സംവിധാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഇത്ര വലിയ നിയന്ത്രണങ്ങള്‍ വേണ്ടിവരുന്നതെന്ന് കോര്‍പറേഷന്‍ വിശദീകരിക്കുന്നു. കാലഹരണപ്പെട്ട കേബിളുകളും മറ്റ് സംവിധാനങ്ങളും മാറ്റി സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികളാണ് നടക്കുന്നത്. ഈ സമയങ്ങളില്‍ സബ്സേറ്റഷനുകള്‍ പ്രവര്‍ത്തിക്കില്ല. നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും പല സമയങ്ങളിലായി വൈദ്യുതി നിലയ്‌ക്കുമെന്നും അറിയിച്ചിട്ടുണ്ട്.
