സദാനന്ദൻ മാസ്റ്ററെ ആക്രമിച്ച കേസിലെ പ്രതികളെല്ലാം മാന്യന്മാർ ആണെന്നാണ് കെ കെ ശൈലജയുടെ അവകാശവാദം
തിരുവനന്തപുരം: ക്രിമിനലുകളുമായി വേദി പങ്കിടുന്നതിനൊപ്പം അവരെ വെള്ളപൂശുകയും ചെയ്തിരിക്കുകയാണ് സിപിഎം എംഎൽഎയും മുൻ മന്ത്രിയുമായ കെ കെ ശൈലജയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സി. സദാനന്ദൻ മാസ്റ്ററെ ആക്രമിച്ച കേസിലെ പ്രതികളായവരെല്ലാം മാന്യന്മാർ ആണെന്നാണ് കെ കെ ശൈലജയുടെ അവകാശവാദം.
എന്നും അക്രമികളും കൊലയാളികളുമായി കൈകോർത്ത ചരിത്രമാണ് സംസ്ഥാനത്തെ സിപിഎമ്മിനുള്ളത്. അവരെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കിയാണ് അവർ മുന്നോട്ട് നീങ്ങിയത്. ഈ നിലപാടിൽ മാറ്റം വരുത്താൻ ഉദ്ദേശമില്ലെന്നാണ് കെ കെ ശൈലജയുടെ വാക്കുകളും, ജയിലിൽ സിപിഎം അക്രമികൾക്ക് ലഭിക്കുന്ന പ്രത്യേക പരിഗണനയുടെ വാർത്തകളുമെല്ലാം വ്യക്തമാക്കുന്നത്. ഇതിനെ ഒരുമിച്ച് നിന്ന് എതിർത്ത് തോല്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതിലൂടെ മാത്രമെ ബിജെപി മുന്നോട്ട് വയ്ക്കുന്ന വികസിത കേരളവും യാഥാർത്ഥ്യമാകൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു


