തിരുവനന്തപുരം: മുന്‍ ഡി.ജി.പി സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് ഔദ്ദ്യോഗികമായി ക്ഷണിക്കാന്‍ എം.ടി രമേശിന്റെ നേതൃത്വത്തിലുള്ള സംഘം സെന്‍കുമാറിന്റെ വീട്ടിലെത്തി. വിവാദ അഭിമുഖം പുറത്തുവന്നതിന് പിന്നാലെ സെന്‍കുമാറിന്റെ ബി.ജെ.പി പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വീട്ടിലെത്തി ചര്‍ച്ച നടത്തുന്നത്.
സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, പി.എസ് ശ്രീധരന്‍ പിള്ള എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ടി രമേശ് സെന്‍കുമാറിനെ ഔദ്ദ്യോഗികമായി ക്ഷണിക്കാനായി വീട്ടിലെത്തിയത്. ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും എം.ടി രമേശിനൊപ്പം സെന്‍കുമാറുമായി നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും പോകില്ലെന്ന് ഇന്നലെ സെന്‍കുമാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നത്തെ ചര്‍ച്ചയ്ക്ക് ശേഷം അദ്ദേഹം എന്ത് നിലപാടെടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
