കാസിമിറോയുടെ അഭാവം നികത്താൻ ഫെർണാണ്ടീഞ്ഞോയ്ക്ക് കഴിഞ്ഞില്ല, അപകടകാരിയായ ഡിബ്രൂയിനെ പൂട്ടാനും

മോസ്ക്കോ: ബെൽജിയത്തിനെതിരെ ദൗർഭാഗ്യമായിരുന്നു ബ്രസീലിന്‍റെ പ്രധാന എതിരാളി. ഡിഫൻസീവ് മിഡ്ഫീൽഡർ കാസിമിറോയുടെ അഭാവവും മുൻചാമ്പ്യൻമാർക്ക് തിരിച്ചടിയായി. ഗോൾമുഖത്തേക്ക് നിറയൊഴിച്ചത് പതിനാറ്
തവണ. ഭൗർഭാഗ്യവും കോട്വയുടെ മികവും കൂടിയായപ്പോൾ ബ്രസീലിന് നിലതെറ്റി. ഒപ്പമെത്താനും മുന്നിലെത്താനുമുള്ള
സുവർണാവസരങ്ങൾ തുടര്‍ച്ചയായി പാഴാക്കുകയായിരുന്നു ലോകഫുട്ബോളിലെ വന്‍ ശക്തികള്‍.

കാസിമിറോയുടെ അഭാവം നികത്താൻ ഫെർണാണ്ടീഞ്ഞോയ്ക്ക് കഴിഞ്ഞില്ല, അപകടകാരിയായ ഡിബ്രൂയിനെ പൂട്ടാനും. ഒപ്പം സെല്‍ഫ് ഗോളെന്ന ദുരന്തവും കൂടിയായതോടെ ബ്രസീലിന്‍റെ വിധി കുറിക്കപ്പെട്ടു. മാർസലോയുടെ ഓവർലാപ്പിംഗിലൂടെ
ഉണ്ടായ വിടവുകൾ ബെൽജിയത്തിന് അനുഗ്രഹമായി. ചെമ്പട ഇരമ്പിക്കയറിയതെല്ലാം ഇടതുവശത്തുകൂടെ. വില്യൻ നിറംമങ്ങിയതും തിരിച്ചടിയായി.

ബെൽജിയൻ കോട്ടകടക്കാനാവാതെ വില്യനും നെയ്മറും ഫിർമിനോയും തുടർച്ചയായി അവസരങ്ങൾ പാഴായപ്പോൾ
ആത്മവിശ്വാസം കൈവിട്ടതും വിനയായി. സമീപകാല ലോകകപ്പ് ചരിത്രത്തെ മറികടക്കാനും ബ്രസീലിനായില്ല. അവസാന മൂന്ന് ലോകകപ്പിലും യൂറോപ്യൻ ടീമിന് മുന്നിലാണ് ബ്രസീൽ മുട്ടുകുത്തിയത്. 2006ൽ ഫ്രാൻസ്, 2010ൽ ഹോളണ്ട്, 2014ൽ ജർമ്മനി, ഇപ്പോഴിതാ ബൽജിയവും.