മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ വിജിലന്‍സിന്റെ പിടിയിലായി. മലപ്പുറം സെയില്‍ടാക്‌സ് ഇന്റലിജന്‍സ് ഓഫീസര്‍ മോഹനനും ഇന്‍സ് പെക്ടര്‍ ഫൈസല്‍ ഇസ്ഹാക്കുമാണ് പിടിയിലായത്. തേഞ്ഞിപ്പാലം സ്വദേശി മുഹമ്മദലിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

ചേളാരിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റ ആവശ്യത്തിനായി എം സാന്റും മെറ്റലും ബില്ലില്ലാതെ വാങ്ങിയതിന് മൂന്ന് ലക്ഷം രുപ നികുതി അടക്കമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. 60000 രുപ കൈക്കുലി നല്‍കിയാല്‍ പകുതി നല്‍കിയാല്‍ മതിയെന്നും ഉദ്യോഗസ്ഥര്‍ മുഹമ്മദിനോട് പറഞ്ഞു. 

വിവരം മുഹമ്മദലി വിജിലന്‍സില്‍ അറിയിക്കുകയായിരുന്നു. വിജിലന്‍സ് നോര്‍ത്തേണ്‍ റോഞ്ച് ഡിവൈഎസ്പി അശ്വകുമാറിന്റ നേതൃത്വത്തിലുള്ള സംഘമാണ് ഉദ്യോഗസ്ഥരെ അറസ്‌ററ് ചെയ്തത്. പ്രതികളെ കോഴിക്കോട് വിജിലന്‍സ് കോടതി ജഡ്ജി മുന്‍പാകെ ഹാജരാക്കും.