തിരുവനന്തപുരത്തുനിന്നും ചെങ്ങന്നൂരേക്ക് വരുന്ന വഴി മുളക്കുഴയില്‍ വച്ച് വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതി ജോയ് വി ജോണിന്റെ മകന്‍ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചതിനാല്‍ ജീര്‍ണ്ണിച്ച ശരീര ഭാഗത്ത് നിന്ന് വെടിയേറ്റ ഭാഗം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.
വിവിധയിടങ്ങളില്‍ നിന്നായി കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് തലയോട്ടിയില്‍ നിന്ന് നാല് വെടിയുണ്ടകള്‍ കണ്ടെത്തിയത്. തലയ്ക്ക് വെടിയേറ്റതിനെ തുടര്‍ന്നാണ് ജോയിയുടെ മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
അതിനിടെ ചങ്ങനാശ്ശേരിയിലും പമ്പയാറ്റിലും ചിങ്ങവനത്തു നിന്നും കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ ചെങ്ങന്നൂരില്‍ മകന്‍ കൊലചെയ്ത വിദേശ മലയാളി ജോയ് വി ജോണിന്റെ തന്നെ എന്ന് മക്കള്‍ തിരിച്ചറിഞ്ഞു. ഷെറിന്‍ ആറ് കഷണങ്ങളായി വെട്ടിമുറിച്ച ശരീര ഭാഗങ്ങളില്‍ ഇനി ഇടതുകാല്‍ കൂടി കിട്ടാനുണ്ട്.
പമ്പയാറ്റില്‍ നിന്ന് കിട്ടിയ കൈകാലുകളും ചിങ്ങവനത്ത് നിന്ന് കിട്ടിയ തലയും ചങ്ങനാശ്ശേരി ബൈപ്പാസിനരികില്‍ നിന്ന് കണ്ടെത്തിയ ഉടലും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. രാവിലെ മാന്നാറിനടുത്ത് പമ്പയാറ്റില്‍ നിന്ന് ഒരു വലതുകൈയ്യും കണ്ടെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശരീരഭാഗങ്ങള്‍ മക്കള്‍ ഏറ്റുവാങ്ങി.
