ബാഴ്സിലോണ: സ്പെയിനില്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്ര കാറ്റലോണിയന്‍ രാഷ്ട്രം രൂപീകരിക്കാനുള്ള ഹിതപരിശോധനക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ 465 പേര്‍ക്ക് പരിക്ക്. ചികില്‍സ തേടിയവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് കാറ്റിലോണിയന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. സ്‌പാനിഷ് സുരക്ഷാ സേന വോട്ടെടുപ്പ് പലയിടത്തും തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. സംഘ‍ര്‍ഷത്തില്‍ 13 പൊലീസുകാര്‍ക്കും പരിക്കേറ്റു.

ബൂത്തുകളിലെത്തിയ വോട്ടര്‍മാരെ തടയാന്‍ പലയിടത്തും പൊലീസ് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു. അക്രമത്തിലൂടെ വോട്ടെടുപ്പ് തടസ്സപ്പെടുത്താനാവില്ലെന്ന് കാറ്റലോണിയന്‍ പ്രസിഡന്‍റ് കാര്‍ലസ് പൂഗ്ഡിമൊന്‍ അഭിപ്രായപ്പെട്ടു. കാറ്റലോണിയയിലെ പൊലീസ് അതിക്രമത്തില്‍‍ പ്രതിഷേധിച്ച് ബാഴ്സലോണ മേയര്‍ രാജിവച്ചു. അതേസമയം ഹിതപരിശോധന ഭരണഘടന വിരുദ്ധമാണെന്നാണ് സ്പാനിഷ് സര്‍ക്കാരിന്‍റെ നിലപാട്. 

സ്വതന്ത്ര കാറ്റലോണിയന്‍ വാദത്തില്‍ നിന്ന് പിന്‍മാറാന്‍ പൊലിസ് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്‌പെയിന്‍ സര്‍ക്കാരിന്‍റെ ഭീഷണി മറികടന്നാണ് പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരെത്തിയത്. സ്പാനിഷ് സര്‍ക്കാരിന്‍റെ എതിര്‍പ്പുകര്‍ക്കിടയില്‍ പോളിംഗ് സ്റ്റേഷനുകളില്‍ 75 ശതമനാവും തുറന്ന് പ്രവര്‍ത്തിച്ചുവെന്നാണ് കറ്റാലന്‍ ജനതയുടെ വാദം.

നേരത്തെ സ്പാനിഷ് സര്‍ക്കാര്‍ വോട്ടിംഗ് കേന്ദ്രങ്ങളായ 2135 സ്കൂളുകളില്‍ ‍1600 എണ്ണം അടച്ചുപൂട്ടിയിരുന്നു. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ ഭീഷണി മുഴക്കി. ഫ്രാന്‍സിനോട് ചേര്‍ന്ന് സ്വയംഭരണ പ്രദേശമായ കിടക്കുന്ന കാറ്റലോണിയയില്‍ 80 ലക്ഷത്തോളം പേരാണ് വസിക്കുന്നത്.