പയ്യോളി മനോജ് വധക്കേസില്‍ രണ്ട് സി.പി.എം നേതാക്കള്‍ ഉള്‍പ്പടെ ഒന്‍പത് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സി.പി.എം പയ്യോളി ലോക്കല്‍ സെക്രട്ടറി, മുന്‍ ഏരിയാ സെക്രട്ടറി അടക്കമുള്ളവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം നാളെ പയ്യോളിയില്‍ ഹര്‍ത്താല്‍ നടത്തും.
സി.പി.എം പയ്യോളി ലോക്കല്‍ സെക്രട്ടറി പി.വി രാമചന്ദ്രന്‍, മുന്‍ ഏരിയാ സെക്രട്ടറി ചന്തുമാഷ്, സി.പി.എം വാര്‍ഡ് കൗണ്‍സിലര്‍ ലിജേഷ് എന്നിവരുള്‍പ്പടെ ഒന്‍പത് പേരാണ് അറസ്റ്റിലായത്. ഏരിയാ കമ്മിറ്റിയംഗം സി. സുരേഷ്, ലോക്കല്‍ കമ്മിറ്റിയംഗം എന്‍.സി മുസ്തഫ, എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. സി.ബി.ഐയുടെ വടകര ക്യാമ്പ് ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി ഇവരെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നിരപരാധികളെ അറസ്റ്റ് ചെയ്തെന്നാരോപിച്ച് സി.പി.എം വെള്ളിയാഴ്ച പയ്യോളിയില്‍ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.
2012 ഫെബ്രുവരിയിലാണ് ബിജെപി പ്രവര്‍ത്തകനും പയ്യോളി സ്വദേശിയുമായ മനോജിനെ വെട്ടിക്കൊല്ലുന്നത്. ബന്ധുക്കളുടെ മുന്നിലിട്ട് രാഷ്ട്രീയ എതിരാളികള്‍ വെട്ടിക്കൊന്നുവെന്നായിരുന്നു കേസ്. 14 പേരെ ലോക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. പിന്നീട് കേസന്വേഷണം ക്രൈബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ഫലപ്രദമല്ലെന്ന് മനോജിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. തുടര്‍ന്ന് മനോജിന്റെ സുഹൃത്തായ സജാദാണ് കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്ന ആവശ്യവുമായി ഹര്‍ജി നല്‍കിയത്. ഒന്നരവര്‍ഷം മുന്‍പ് സി.ബി.ഐ ഏറ്റെടുത്ത കേസിലാണ് നിര്‍ണ്ണായക വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.
