കെെക്കൂലി കേസിലെ വിചാരണയ്ക്ക് ഹാജരാകാതിരുന്ന മൂന്ന് പ്രതികളില്‍ ഓരോരുത്തരോടും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15,000 രൂപ വീതം അടയ്ക്കാനാണ് കോടതി ഉത്തരവിട്ടത്

ചണ്ഡീഗഡ്: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള സഹായങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാര്യമായ സംഭാവനകള്‍ തന്നു കഴിഞ്ഞു.

എന്നാല്‍, ചണ്ഡീഗഡിലെ പഞ്ചകുള ജില്ലയിലെ സിബിഐ കോടതിയുടെ ഉത്തരവാണ് ഇപ്പോള്‍ രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യുന്നത്. കെെക്കൂലി കേസിലെ വിചാരണയ്ക്ക് ഹാജരാകാതിരുന്ന മൂന്ന് പ്രതികളില്‍ ഓരോരുത്തരോടും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15,000 രൂപ വീതം അടയ്ക്കാനാണ് കോടതി ഉത്തരവിട്ടത്.

സെന്‍ട്രല്‍ എക്സെെസ് മുന്‍ സൂപ്രണ്ടുമാരായ അനില്‍ കുമാര്‍, അജയ് സിംഗ്, മുന്‍ ഇന്‍സ്പെക്ടര്‍ രവീന്ദര്‍ ദാഹിയ എന്നിവര്‍ക്കാണ് കോടതി വ്യത്യസ്തമായ ഈ ശിക്ഷ നല്‍കിയിരിക്കുന്നത്. മൂന്ന് ലക്ഷം രൂപ കെെക്കൂലി വാങ്ങിയതിനാണ് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് മൂവരെയും അറസ്റ്റ് ചെയ്തത്.

കോടതി വിളിപ്പിച്ച കഴിഞ്ഞ മൂന്ന് വട്ടവും ഹാജരാകാതിരുന്ന മൂവരോടും സ്പെഷ്യല്‍ സിബിഐ ജഡ്ജ് ജഗ്ഗീപ് സിംഗ് ആണ് അടുത്ത തവണ ഹാജരാകുന്നതിന് മുമ്പ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടച്ച ശേഷം റെസീപ്റ്റുമായി എത്താന്‍ നിര്‍ദേശിച്ചത്.

ഒക്ടോബര്‍ ഒന്നിനാണ് അടുത്ത വട്ടം ഇവരുടെ കേസ് കോടതി പരിഗണിക്കുന്നത്. കഴിഞ്ഞ മെയ് 25ന് പ്രോസിക്യൂഷന്‍ സാക്ഷികള്‍ ഹാജരായപ്പോള്‍ അവരെ വിസ്താരം ചെയ്യാന്‍ പ്രതികളോ പ്രതിഭാഗം അഭിഭാഷകരോ എത്തിയില്ല. തുടര്‍ന്ന് വീണ്ടും സാക്ഷികളെ വിളിപ്പിക്കണമെന്നുള്ള അപേക്ഷ പ്രതിഭാഗം സമര്‍പ്പിച്ചു.

ഇത് അനുവദിച്ചതിന് ശേഷമാണ് ആകെ 45,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനും കോടി നിര്‍ദേശിച്ചത്. ഒരു കമ്പനിക്ക് ടാക്സ് കുറച്ച് കൊടുക്കുന്നതിനായി മൂന്ന് ലക്ഷം രൂപ കെെക്കൂലി വാങ്ങിയെന്നാണ് മൂവര്‍ക്കുമെതിരായ കുറ്റം.