ന്യൂഡല്‍ഹി: അലങ്കാര മത്സ്യങ്ങളെ പിടിക്കുന്നതിനും വളര്‍ത്തുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിച്ചു. ഈവര്‍ഷം മെയ് 23 ന് പുറത്തിറക്കിയ വിജ്ഞാപനമാണ് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം പിന്‍വലിച്ചത്.

അലങ്കാര, വളര്‍ത്തുമത്സ്യങ്ങളുടെ സ്ഫടിക പാത്രങ്ങളില്‍ വളര്‍ത്തല്‍, വിപണനം, പ്രദര്‍ശനം എന്നിവയ്ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. കൂടാതെ പ്രദര്‍ശനമേളകളില്‍ ഇവയെ കൊണ്ടുവരുന്നതും നിയമപ്രകാരം വിലക്കിയിരുന്നു. മത്സ്യങ്ങളുടെ ആരോഗ്യം, ശുചിത്വം എന്നിവ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നേരത്തേ വിജ്ഞാപനം പുറപ്പെടുവിച്ചത്. 2016ലെ മൃഗങ്ങള്‍ക്കെതിതെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമം ഭേദഗതി ചെയ്തായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്. അക്വേറിയങ്ങളില്‍ വളര്‍ത്തുന്ന ക്രൗണ്‍ഫിഷ്, എയ്ഞ്ചല്‍ ഫിഷ് എന്നിവയുള്‍പ്പെടെ 158 മത്സ്യങ്ങള്‍ക്കായിരുന്നു നിയന്ത്രണം. 

കേന്ദ്രത്തിന്റെ നടപടിക്കെതിരെ കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. അലങ്കാരമത്സ്യ വിപണിയെ തകര്‍ക്കുന്ന നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കേന്ദ്രത്തിന് കത്തയച്ചിരുന്നു. തുടര്‍ന്ന് ഡിസംബര്‍ ഒന്നിനാണ് കേന്ദ്രം ഉത്തരവ് പിന്‍വലിച്ചത്. കന്നുകാലി കശാപ്പ് നിയന്ത്രണ ഉത്തരവ് കേന്ദ്രം കൊണ്ടുവന്നതിനു പിന്നാലെ വന്ന ഈ ഉത്തരവ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം കന്നുകാലികശാപ്പ് നിയന്ത്രണ ഉത്തരവും കേന്ദ്രം പിന്‍വലിച്ചിരുന്നു.