പരമ്പരാഗത കൂട്ടുകള്‍ക്ക് മാറ്റം വരുത്താതെ അത് പാകം ചെയ്യുന്ന രീതിയില്‍ വ്യത്യാസം വരുത്തിയാണ് അപ്പത്തിന്‍റേയും അരവണയുടേയും രുചിയും ഗുണവും വര്‍ധിപ്പിക്കുന്നത്. 

പത്തനംതിട്ട:ശബരിമലയിലെ അപ്പം, അരവണ നിർമ്മാണ രീതി മാറ്റുന്നു. രുചി കൂട്ടാനും കേടുകൂടാതെ ഏറെ നാൾ സൂക്ഷിക്കാനുമാണിത്. കേന്ദ്ര ഭക്ഷ്യ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ മേൽനോട്ടത്തിൽ പുതിയ നിർമ്മാണ രീതി പരീക്ഷിച്ചു. 

പരന്പരാഗത കൂട്ടുകള്‍ക്ക് മാറ്റം വരുത്താതെ അത് പാകം ചെയ്യുന്ന രീതിയില്‍ വ്യത്യാസം വരുത്തിയാണ് അപ്പത്തിന്‍റേയും അരവണയുടേയും രുചിയും ഗുണവും വര്‍ധിപ്പിക്കുന്നത്. അരവണയുണ്ടാക്കുന്നതിന് ഇത്രകാലവും ശർക്കര പാനിയിലേക്ക് ഉണക്കലരിയിട്ട് തിളപ്പിക്കുകയായിരുന്നു ചെയ്തതെങ്കില്‍ ഇനി അരി ആദ്യമേ ചെറുതായി വേവിച്ച ശേഷമായിരിക്കും ശര്‍ക്കര പാനിയിലേക്ക് ചേര്‍ക്കുക. ഇതിലൂടെ അരവണയുടെ രുചി കൂട്ടാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. 

അപ്പം നിർമ്മാണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. നേർത്ത മാവ് ഉപയോഗിച്ചാവും ഇനി അപ്പമുണ്ടാക്കുക. ഇതിലൂടെ അപ്പത്തിന്‍റെ രുചി കൂടും. പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ച അപ്പവും അരവണയും പ്രത്യേകം കവറിലാക്കി 15 ദിവസത്തെ നിരീക്ഷണത്തിന് വച്ചിരിക്കുകയാണ്. പരീക്ഷണം വിജയിച്ചാൽ അടുത്ത തീർത്ഥാടനകാലം മുതല്‍ പുതിയ രീതിയില്‍ തയ്യാറാക്കുന്ന അപ്പവും അരവണയും വിതരണം ചെയ്യാനാണ് തീരുമാനം. പ്രസാദങ്ങളുടെ പാക്കിംഗിലും മാറ്റം വരുത്താൻ ദേവസ്വംബോർഡ് ആലോചിക്കുന്നുണ്ട്.