പ്രളയത്തിൽ നശിച്ച വാഹനത്തിന് ഉയർന്ന നഷ്ടപരിഹാര തുക വാങ്ങി നൽകാമെന്നായിരുന്നു വാഗ്ദാനം. അതിനായി നാലര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്

കൊച്ചി: പ്രളയത്തിൽ മുങ്ങിയ വാഹനത്തിന് കൂടുതൽ നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് കൈക്കൂലി ആവശ്യപ്പെട്ട ഇൻഷൂറൻസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആന്ധ്രാ സ്വദേശി ഉമാ മഹേശ്വര റാവുവാണ് കൊച്ചി സിറ്റി പൊലീസിന്‍റെ പിടിയിലായത്. 

കൊടുങ്ങല്ലൂർ സ്വദേശിയായ വാഹന ഉടമ നൽകിയ പരാതിയിലാണ് നടപടി. പ്രളയത്തിൽ നശിച്ച ഇദ്ദേഹത്തിന്‍റെ വാഹനത്തിന് ഉയർന്ന നഷ്ടപരിഹാര തുക വാങ്ങി നൽകാമെന്നായിരുന്നു വാഗ്ദാനം. അതിനായി നാലര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. മുംബൈ ആസ്ഥാനമായ ഇൻഷൂറൻസ് കന്പനിയുടെ കേരളത്തിലെ ഉദ്യോഗസ്ഥാനാണ് പിടിയിലായ ഉമാ മഹേശ്വര റാവു. 

കൊടുങ്ങല്ലൂർ സ്വദേശിയായ വാഹന ഉടമ ഇക്കാര്യം പൊലീസിനെ അറിയിച്ചു. പണം വാങ്ങുന്നതിനായി കൊച്ചിയിൽ എത്തിയപ്പോഴാണ് ഇയാളെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചനാക്കുറ്റമാണ് നിലവിൽ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.